ഇരുഡില്‍ വീട് കുത്തിതുറന്ന് മോഷണം: യുവാവ് അറസ്റ്റില്‍
ശ്രീകണഠപുരം: കാഞ്ഞിലേരി ഇരുഡില്‍ കഴിഞ്ഞ മാസം 24ന് കാക്കനാട്ട് ലൂക്കയുടെ വീട് കുത്തിതുറന്ന് 20 പവന് സ്വര്‍ണവും 34,000 രൂപയും കവര്‍ന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പരിയാരം കുണ്ടപ്പാറ കോളനിയിലെ നീര്‍ച്ചാലില്‍ ബിജു(32)വിനെയാണ് ശ്രീകണ്ഠ പുരം സി.ഐ വി.വി ലതീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ലൂക്കയുടെ മകന് ബിന്റോയുടെ വിവാഹം ഈയിടെയാണ് നടന്നത്. പന്നിയാലിലുള്ള ബന്ധുവിട്ടില്‍ സല്‍ക്കാരത്തിന് പോയ 24ന് രാത്രിയായിരുന്നു കവര്‍ച്ച. ഇന്നലെ ഉച്ചയോടെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സംശയം തോന്നി തളിപ്പറമ്പ് ടൗണില്‍ എസ്.ഐ ഇ നാരായണന് തടഞ്ഞുവെച്ച് ചോദ്യം ചെയ്തപ്പോഴാണ് ലൂക്കയുടെ വീട്ടിലെ കവര്‍ച്ചക്കാര്യം പ്രതി വെളിവായത്. ഉളിക്കല്‍ സ്വദേശിയായ ഒരു യുവാവ് കൂടി ബിജുവിനൊപ്പം കവര്‍ച്ചയില്‍ പങ്കാളിയായിരുന്നെന്ന് പറയുന്നു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടക്കുകയാണ്.
കവര്‍ച്ചയ്ക്കു രണ്ടു ദിവസം മുമ്പ് പയ്യാവൂര്‍ ഉത്സവം കാണാന്‍ ബൈക്കില്‍ പോയ പ്രതികള്‍ വീട് കണ്ടുവയ്ക്കുകയും സംഭവ ദിവസം കണ്ടകശ്ശേരിയിലെ കൊല്ലന്റെ ആലയില്‍ നിന്ന് കമ്പിപാര മോഷ്ടിച്ച് ആളില്ലാത്ത ലൂക്കയുടെ വീട്ടിലെത്തി കവര്‍ച്ച നടത്തുകയുമായിരുന്നു.
ജില്ലയ്ക്കകത്തും പുറത്തും നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബിജുവെന്ന് പൊലിസ് പറഞ്ഞു.
പ്രതി സഞ്ചരിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവര്‍ച്ച ചെയ്ത ആഭരണങ്ങളില്‍ ഒരു ഭാഗവും പകുതി പണവും ബിജുവില്‍ നിന്ന് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."