ഹീര ഗ്രൂപ്പ് മതട്ടിപ്പ്: ഇരകള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും
കോഴിക്കോട്: മതവിശ്വാസം ചൂഷണം ചെയ്ത് കോടികള്‍ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇരകള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും. കോഴിക്കോട് വ്യാപാരഭവനില്‍ ചേര്‍ന്ന ഇരകളുടെ സംഗമത്തിലാണ് തീരുമാനം. അതിനായി 150ല്‍പരം പേര്‍ ഒപ്പിട്ട ഹരജിയും തയാറാക്കി. കേസ് ക്രൈംബ്രാഞ്ചിന് വിടുകയാണെങ്കില്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ഇവര്‍ പറയുന്നു. തുടര്‍ന്നും നടപടി ഉണ്ടായിലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഒരു പരാതിക്കാരന്റെ പരാതിയില്‍ മാത്രമാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് നിക്ഷേപകരുടെ പരാതി. എഫ്.ഐ.ആറില്‍ 17പേരെ മാത്രമാണ് കക്ഷി ചേര്‍ത്തിട്ടുള്ളത്. ഇതിനാല്‍ കേസിന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല. 200ലധികം പേര്‍ ഇപ്പോഴും കക്ഷി ചേരാനായി നില്‍ക്കുന്നുണ്ട്. ഇത്രയധികം പേരെ കക്ഷിചേര്‍ക്കുന്നതിന് കൂടുതല്‍ സമയം ഇനിയും ആവശ്യമാണ്. അത് കേസിനെ പ്രതികൂലമായി ബാധിക്കും. ഒരാള്‍ മാത്രം പരാതിക്കാരനായതിനാല്‍ കമ്പനി സി.ഇ.ഒ നൗഹീറ ഷെയ്ഖിന് കേരള ഹൈക്കോടതി മുന്‍ക്കൂര്‍ ജാമ്യം നല്‍കി.
പൊലിസ് ബെയില്‍ ഒബ്ജക്ഷന്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരാതിക്കാരുള്ള കാര്യം പറഞ്ഞെങ്കിലും പ്രോസിക്യൂഷന്‍ ഇത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ സമയത്ത് പ്രതി മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ജയിലിലായിരുന്നെന്ന വിവരവും കോടതിയുടെ ശ്രദ്ധയില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടുത്തിയില്ല. ഇതുകൊണ്ട് ഇവര്‍ക്ക് കേരളത്തില്‍ മാത്രം മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ ഇവര്‍ക്കിപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല. എന്നാല്‍ കേരളത്തില്‍ കേസിന്റെ പ്രാഥമിക കാര്യങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ നല്ല രീതിയില്‍ വാദിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുകയില്ലെന്നും ഇവര്‍ പറയുന്നു.
ഇപ്പോഴും ഹീരാ എം.ഡിക്ക് നല്ല സ്വാധീനം ഉണ്ടെന്നാണ് തങ്ങള്‍ കരുതുന്നത്. കേസിനായി അവര്‍ പ്രശസ്തനായ വക്കീലിനെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം ഉന്നതങ്ങളിലെ ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ജാമ്യവ്യവസ്ഥ പ്രകാരം 15 ദിവസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാവുകയും വേണമെന്ന വ്യവസ്ഥ ഒരു മാസമായിട്ടും നൗഹറ ഷെയ്ഖ് പാലിച്ചിട്ടില്ല. ഇതെല്ലാം ഇവരെ കേസില്‍ രക്ഷപ്പെടുത്തുന്നതിനുള്ള സൂചനയായാണ് തങ്ങള്‍ കരുതുന്നതെന്നും നിക്ഷേപകര്‍ പറയുന്നു. പലിശ രഹിത ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിയ ഹീരാ ഗ്രൂപ്പിന്റെ ചതിയില്‍ കുരുങ്ങിയവരുടെ അംഗസംഖ്യ കൂടുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം 45ഓളം പേരാണ് പുതുതായി ചെമ്മങ്ങാട് പൊലിസില്‍ പരാതിയുമായെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."