മലബാര്‍ കലാപത്തിന്റെ ശതാബ്ദി ചിന്തകള്‍
ഇന്ത്യാ ചരിത്രത്തിലെ പ്രത്യേകിച്ചും കൊളോണിയല്‍ കാലഘട്ടത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒരധ്യായമായിരുന്നു മലബാര്‍ കലാപം. ബ്രിട്ടിഷുകാര്‍ ശിപായി ലഹളയെന്നു മാത്രം വിലയിരുത്തിയ 1857ലെ കലാപത്തിനുശേഷം ഇത്രയും ശക്തമായ ഒരു ബ്രിട്ടിഷ് വിരുദ്ധ കലാപം അഥവാ ഒരു ഭൂപ്രദേശം മുഴുവന്‍ സ്വതന്ത്രമാക്കാനുള്ള ഒരു പ്രവര്‍ത്തനം ഇവിടെ നടന്നത് ഈ ഘട്ടത്തില്‍ മാത്രമാണ്. അതിനുശേഷം ദേശീയ സ്വാതന്ത്ര്യസമര പശ്ചാത്തലത്തില്‍ നടന്ന സായുധ സമരങ്ങള്‍ ആര്‍.ഐ.എന്‍ മ്യൂട്ടിനിയും തെലങ്കാന സായുധ സമരവുമായിരുന്നു.
മലബാര്‍ കലാപത്തിന്റെ കാലത്ത് ബ്രിട്ടിഷ് സൈനിക കമാന്‍ഡര്‍മാര്‍ സ്വീകരിച്ച സൈനികതന്ത്രം ഒരു ശത്രുരാജ്യം പിടിച്ചടക്കുന്ന വിധത്തിലുള്ളതായിരുന്നു. കാറല്‍ മാര്‍ക്‌സ് കലാപം നടക്കുന്ന അവസരത്തില്‍ തന്നെ ഈ കലാപത്തിന്റെ ആത്യന്തിക പ്രാധാന്യത്തെ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് പത്രത്തില്‍ തുടര്‍ച്ചയായി വിലയിരുത്തുകയുണ്ടായി. അതിന് അദ്ദേഹത്തിനു ലഭിച്ച ആധികാരിക സ്രോതസുകള്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലേക്കു സമര്‍പ്പിക്കപ്പെട്ട കമ്പനിയുടെ രേഖകള്‍ മാത്രമായിരുന്നു.
റഷ്യന്‍ വിപ്ലവാനന്തരം ഈ കലാപത്തിന്റെ പ്രാധാന്യം ലെനിന്‍ തന്നെ തന്റെ കൈപ്പടയില്‍ എഴുതിവച്ച കാര്യം അബനീ മുഖര്‍ജിയും മറ്റും സ്മരിച്ചതു കാണാം.
എന്നാല്‍ ഈ കലാപത്തിന്റെ പ്രാധാന്യവും അതിനെതിരേ ഒരു ജനാധിപത്യ ഭരണകൂടമായ ബ്രിട്ടന്‍ അതിന്റെ അധീന പ്രദേശമായ ഇന്ത്യയില്‍ നടപ്പാക്കിയ മര്‍ദന നയവും ഇന്ത്യന്‍ ദേശീയ ചരിത്രകാരന്മാര്‍ പലരും വേണ്ടത്ര ഉള്‍ക്കൊണ്ടതായിക്കാണുകയില്ല. അതിനവരെ പ്രേരിപ്പിച്ച ചേതോവികാരം അഹിംസാധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തിലൂടെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം കൈവരിച്ചതെന്നുള്ളതാണ്. ഇന്നും ഈ സമരം ഒരു വര്‍ഗീയ കലാപം മാത്രമാണ് എന്നു പൂര്‍ണമായും വിശ്വസിക്കുന്ന ചരിത്രകാരന്മാരെയും കാണാം. അവരുടെ ഒരു പ്രധാന ന്യൂനത അവര്‍ ലോകമെങ്ങും നടന്ന കൊളോണിയല്‍ വിരുദ്ധ സമരങ്ങളെയും അതിലെ പങ്കാളിത്തത്തെയും പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടില്‍ വിലയിരുത്തുന്നില്ലെന്നതാണ്.
ഈ കലാപത്തിന്റെ ശതാബ്ദി സ്മരണ 2021ല്‍ അത്യാവശ്യമായി നടത്തേണ്ട ഒരു രാഷ്ട്രീയ സാമൂഹിക സംഭവമായിരിക്കെ അതിനുവേണ്ട പദ്ധതികള്‍ സമഗ്രമായി ആലോചിക്കാനുള്ള ഒരു പ്രവര്‍ത്തനം കേരളത്തില്‍ ഇതുവരെയായി ആരും സ്വീകരിച്ചു കാണുന്നില്ല. കുറച്ചു സെമിനാറുകളും കുറേ നിലവാരമില്ലാത്ത സ്മരണികകളും സമൂഹത്തിനാവശ്യമില്ലാത്ത കുറേ സ്മാരക കെട്ടിടങ്ങളും എന്തായാലും ഇവിടെ ഉണ്ടാകുമെന്നു തീര്‍ച്ചയാണ്.
അവയൊന്നും തന്നെ ഒരു ശതാബ്ദിക്ക് ഉചിതമായ കര്‍മങ്ങളാണെന്നു തോന്നുന്നില്ല. ഏറ്റവും ഉചിതമായ സ്മരണ നിലനിര്‍ത്താവുന്ന സ്മാരകങ്ങളെപ്പറ്റി ചിന്തിക്കാന്‍ ജില്ലാ പഞ്ചായത്തും ഭരണകൂടവും സര്‍വകലാശാലയും മറ്റും ഉള്‍ക്കൊള്ളുന്ന ഒരു പ്രവര്‍ത്തക സമിതി രൂപീകരിച്ച് എന്തെല്ലാം പ്രവര്‍ത്തനം നടത്തണമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
തെക്കെ മലബാറിലെ പല ഗ്രാമങ്ങളും 1921ലെ കലാപ കാലത്തിലെന്നപോലെ ഇന്നും പിന്നോക്കാവസ്ഥയില്‍ തന്നെ തുടരുന്നു. അത്തരം നൂറു ഗ്രാമങ്ങളെ ദത്തെടുത്തുകൊണ്ട് അവയുടെ സമഗ്ര വികസനത്തിനായി പ്രത്യേകിച്ചും പാര്‍പ്പിടം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ അവയെ മോഡല്‍ വില്ലേജുകളായി രൂപാന്തരപ്പെടുത്താനുള്ള പ്രവര്‍ത്തനം ചിന്തിക്കാവുന്നതാണ്.
അനേകം പടയാളികള്‍ അനന്തകാലമായി ഉറങ്ങുന്നത് കല്‍വെട്ടുകുഴികളിലും മറ്റുമാണ്. അത്തരം ഖബറിടങ്ങള്‍ സംരക്ഷിക്കുകയും കിട്ടാവുന്ന പേരുകള്‍ എഴുതിവയ്ക്കുകയും ചെയ്യാന്‍ ശ്രമിക്കേണ്ടതുണ്ട്. വേങ്ങരയിലെ പൂച്ചോലമാട് ഇത്തരം ഒരു കൂട്ടം ഖബറിടങ്ങളുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാവുന്നതും അവയെ ബഹുജന പഠനകേന്ദ്രമായി മാറ്റാവുന്നതുമാണ്. ഇവിടെ കലാപത്തിന്റെ രേഖകളും പഠനങ്ങളും ലഭ്യമാക്കാവുന്നതാണ്.
ജനജീവിതത്തിന്റെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്താവുന്നതായിരിക്കണം സ്മാരകങ്ങള്‍. അല്ലാത്തപക്ഷം അവ നെല്ലിക്കുത്തിനടുത്തു റോഡുവക്കില്‍ കാണുന്ന ആലി മുസ്‌ലിയാര്‍ സ്മാരകം പോലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടം മാത്രമായി മാറിയേക്കാം. ഏതെങ്കിലും ഒന്നോ രണ്ടോ ഗ്രാമങ്ങളെ പൊതു കാര്‍ഷിക വിഭവ വിപണനകേന്ദ്രമായി മാറ്റാവുന്നതാണ്. അവ ശാസ്ത്രീയമായ ചന്തകളാക്കുകയും ചെയ്യാം. ഉദാഹരണത്തിനു ഹോളണ്ടിലെ കീക്കന്‍ സോഫ് പുഷ്പച്ചന്ത പോലെ ഹൈടെക് ആയും രൂപപ്പെടുത്താം. വാട്ടര്‍ലൂവിന്റെയും മറ്റും അനേകം പെയിന്റിങ്ങുകള്‍ ലഭ്യമാകുന്നതുപോലെ കലാപത്തിന്റെ പല ഓയില്‍ വാട്ടര്‍ കളര്‍ ചിത്രങ്ങളുടെ ശേഖരങ്ങളുണ്ടാക്കാവുന്നതാണ്.
ഓരോ പ്രദേശത്തുനിന്നു അന്ത്യം വരിച്ചവരുടെ പേരുകള്‍ ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. അന്തമാനിലേക്കു നാടുകടത്തപ്പെട്ട കുടുംബങ്ങളുടെയും നിലവിലുള്ള കുടുംബങ്ങളുടെയും വിവരങ്ങളും ശേഖരിച്ച് പ്രസിദ്ധീകരിക്കാവുന്നതാണ്. ഹൈസ്‌കൂള്‍ മുതലുള്ള ഉന്നത വിദ്യാലയങ്ങളില്‍ സെമിനാറുകളും ചെറിയ വിവരണ ഗ്രന്ഥങ്ങളും ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ ആവശ്യമാണ്. ബ്രിട്ടിഷുകാരുമായി ബന്ധപ്പെട്ട സ്മാരകങ്ങളെക്കൂടി സംരക്ഷിക്കേണ്ടതാവശ്യമാണ്.
ഇത്തരത്തില്‍ വിപുലവും സമഗ്രവും ജനകീയവും അക്കാദമികവുമായ പരിപാടികളുടെ രൂപരേഖയും അവയ്ക്കു പണം കണ്ടെത്താനുള്ള വഴിയും ഇത്തരം ഒരു കര്‍മസമിതി ചിന്തിക്കേണ്ടതുണ്ട്. ഓരോ പഞ്ചായത്തും മുനിസിപ്പാലിറ്റിയും ഇതിനുവേണ്ടുന്ന വിഭവങ്ങള്‍ സമാഹരിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഈ ശതാബ്ദി വികസനവും പഠനവും ജനപങ്കാളിത്തവും സംയോജിപ്പിച്ചായിരിക്കുമെന്നു പ്രത്യാശിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."