ജാത്യാലുള്ളത്
കാമ്പ്രത്തെ കൃഷ്ണന്‍ നായരെ കാണുമ്പോള്‍ ഇരുന്നേടത്തു നിന്ന് ചന്തി പൊന്തിക്കാത്തവരും മാടിക്കുത്തഴിച്ചിടാത്തവരും ചുണ്ടില്‍ വല്ലതും എരിയുന്നുണ്ടെങ്കില്‍ അതെടുത്ത് മറച്ചുപിടിക്കാത്തവരുമായി ആരും തന്നെയില്ല നാട്ടില്‍. ഇപ്പറഞ്ഞ ബഹുമാനങ്ങളൊക്കെ കിട്ടാന്‍ പേരിന്റെ കൂടെയുള്ള വാലുതന്നെ ധാരാളമാണ്. പോരാത്തതിന് കഞ്ഞിവെള്ളം കുടഞ്ഞു വടി പോലെയാക്കിയ തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും വേഷ്ടിയും ധരിച്ച് എല്ലാവരോടും ചിരിച്ചും കുശലം പറഞ്ഞുമുള്ള തറവാടിത്തം നിറഞ്ഞ പെരുമാറ്റവുമായി ഒരാള്‍ കടന്നുവരുമ്പോള്‍ ഏതു ചന്തിക്കാണ് ഇരിപ്പുറക്കുക? ഏതു മാടിക്കുത്താണ് അഴിഞ്ഞു പോകാത്തത്?
എന്നോട് പക്ഷെ, മൂപ്പര്‍ക്ക് വല്ലാത്തൊരു ചൊരുക്കാണ്. ചിരിക്കുന്ന മുഖത്തോടെ മാത്രമേ അയാളെ കാണാറുള്ളൂ എന്നാണ് എല്ലാവരും പറയുന്നതെങ്കിലും ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോഴൊക്കെ കരിന്തേള്‍ കുത്തിയതു പോലെയുള്ള മോന്തയുമായി കടന്നുപോകും അയാള്‍. കുശലം പറച്ചിലിനു പകരം കനപ്പിച്ചുള്ള ഒരു മൂളല്‍ മാത്രമേ ഞാന്‍ കേള്‍ക്കാറുള്ളൂ. എത്രയാലോചിച്ചിട്ടും അയാളുടെ ഈ കലിപ്പിന്റെ കാരണം പിടികിട്ടിയിരുന്നില്ല. എന്നാല്‍, അതെന്താണെന്നു വെളിപ്പെടുത്തുന്ന ഒരു സംഭവം ഈയിടെയുണ്ടായി.
രണ്ടു ദിവസം മുന്‍പു കോളജില്‍നിന്നു മടങ്ങവെ ഞാന്‍ കൃഷ്ണന്‍ നായരുടെ വീട്ടിനു മുന്നിലെത്തിയപ്പോള്‍, ഗേറ്റിനു പുറത്തു നില്‍ക്കുന്നു ടിയാന്‍ എന്റെ നേരെ നോക്കി ചിരിച്ചുകൊണ്ട്! ആദ്യം ഞാന്‍ കണ്ണു രണ്ടും തിരുമ്മി നോക്കി. എന്നിട്ടും സംശയം തീരാത്തതിനാല്‍ എന്റെ പിറകിലാരെങ്കിലുമുണ്ടോ എന്നു തിരിഞ്ഞുനോക്കി.
'ഇഞ്ഞി തിരിഞ്ഞും മറിഞ്ഞൊന്നും നോക്കണ്ട കുട്ടപ്പാ. നെന്നെ കണ്ടിറ്റന്ന്യാ ഞാനീട നിന്നത്. ഇഞ്ഞി അങ്ങാടീക്കൂട്യല്ലേ പോണത്. ഒരോട്ടോ ഇങ്ങോട്ടയക്കണം'.
കണ്‍മുന്നില്‍ കണ്ടൂടാത്ത എന്റെ സഹായവും അയാള്‍ക്കു വേണ്ടിവന്നല്ലോ എന്ന ചിന്തയില്‍ ഇത്തിരി നെഗളിപ്പോടെത്തന്നെയാണ് ഞാന്‍ പിന്നെ സൈക്കിള്‍ ചവിട്ടിയത്. അങ്ങാടിയില്‍ പക്ഷെ, ഒരൊറ്റ ഓട്ടോയുമുണ്ടായിരുന്നില്ല. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ നായരെ വിളിച്ചു.
'ഇവിടിപ്പം ഒറ്റ ഓട്ടോയുമില്ല കൃഷ്ണന്നായരേ. നിങ്ങള് കാത്തുനിക്കുമെങ്കില്‍ ഞാനിവിടെത്തന്നെ നിന്ന് ആദ്യം വരുന്ന ഓട്ടോ അങ്ങോട്ടയക്കാം'.
'സാവിത്രിക്ക് മോനേം കൊണ്ട് കണിയാട്ടേക്ക് പോകാനാണ്. എന്തായാലും കാത്തുനിക്കും. ഇഞ്ഞി ഓട്ടോ അയച്ചോ'.
പിന്നെയുമൊരഞ്ചു മിനുട്ട് കഴിഞ്ഞാണ് ഓട്ടോ വന്നത്. പക്ഷെ, കാര്യം പറഞ്ഞപ്പോള്‍ ഓട്ടോക്കാരനൊരു മടി. 'മാഷേ, ഓട്ടോയും കൊണ്ട്മ്പളാടെയെത്തുമ്പളേക്ക് ഓല് പോയിറ്റുണ്ടാവും. അപ്പം വെറുതേ ഇളിഭ്യനായി മടങ്ങണം'.
'ഇതങ്ങനെയാവൂല. ആളവിടെ കാത്തുനിക്കും'.
ഓട്ടോക്കാരന്‍ അങ്ങോട്ട് വിട്ട ഉടനെ ഞാന്‍ നായര്‍ക്ക് ഫോണ്‍ ചെയ്തു. 'ഓട്ടോ വരുന്നുണ്ടേ'.
'ഇനി ഓട്ടോ വേണ്ടെടോ. കുഞ്ഞിക്കണാരന്റെ കാറ് ഇതിലേ വന്നപ്പം സാവിത്രി അതീക്കേറിപ്പോയി'. ഇതും പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ എനിക്കു വല്ലാതെ കലിവന്നുവെങ്കിലും അയാള്‍ അവിടെത്തന്നെ നിന്ന് ഓട്ടോക്കാരന് അവിടം വരെ ഓടിയതിനുള്ള കൂലി കൊടുക്കാനുള്ള മര്യാദ കാണിക്കാതിരിക്കില്ല എന്ന ആശ്വാസ ചിന്തയില്‍ അതലിഞ്ഞുപോയി.
പിറ്റേന്നു വൈകിട്ട് ഞാന്‍ വായനശാലയുടെ മുന്നില്‍ ആരോടോ സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരോട്ടോറിക്ഷ അരികില്‍ വന്നുനിന്നു. അതില്‍നിന്നു ചാടിയിറങ്ങിയ ഡ്രൈവര്‍ ക്രുദ്ധനായി പറഞ്ഞു.
'ഇങ്ങളെന്ത് കോണോത്തിലെ മാഷാണ് ! വെറുതേ ആളെ കൊരങ്ങു കളിപ്പിച്ചിട്ട് നിക്കുന്നത് കണ്ടില്ലേ! എട്‌ക്കേയ് ഇന്നലത്തെ ഓട്ടോക്കൂലി!'.
അപ്രതീക്ഷിതമായി അയാള്‍ തട്ടിക്കയറിയതിന്റെ പകപ്പില്‍ ഞാന്‍ മിണ്ടാട്ടം മുട്ടിനില്‍ക്കുമ്പോള്‍ എവിടെ നിന്നെന്നറിഞ്ഞില്ല, വലിയൊരാള്‍ക്കൂട്ടം ഞങ്ങള്‍ക്കു ചുറ്റും രൂപപ്പെട്ടു. അതിന്റെ മുന്നില്‍ തന്നെയതാ നില്‍ക്കുന്നു കൃഷ്ണന്‍ നായര്‍! അവജ്ഞയുടെ ഒരു കുന്നുതന്നെ മുഖത്തേക്കാവാഹിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
'മാഷാവണ്ടോന്‍ അതായാലല്ലേ അതിന്റെ യൊരു അന്തസ്സ് കാട്ടുള്ളൂ? ഫീസില്ല്യാണ്ട് പഠിച്ചും മാര്‍ക്കില്ല്യാണ്ട് സീറ്റ് കിട്ടീം ശീലായിപ്പോയതല്ലേ? അപ്പം പിന്നെ, ഒക്കേം ചുളൂലും ചക്കാത്തിലും നടന്നുകിട്ടാനുള്ള അലച്ചയില്ല്യാണ്ടിരിക്ക്യോ? ഓട്ടോക്കും ബസിനൊക്കെ കൂലി കൊടുക്കാന്‍ കൈ നീളൂലാന്നൊറപ്പല്ലേ?'.
അപ്പോള്‍ മറ്റാരോ വിളിച്ചു പറഞ്ഞു. 'എന്തായാലും, ഇതൊരു മാതിരി എല നക്ക്യോന്റെ ചിറി നക്ക്യേ ഏര്‍പ്പാടായിപ്പോയി'. ഒരു നികൃഷ്ട ജീവിയെയെന്നോണം എന്നെയൊന്നുഴിഞ്ഞു നോക്കിയ നായര്‍ പോക്കറ്റില്‍ നിന്ന് ഇരുപതു രൂപയെടുത്ത് താനൊരു വലിയ ഔദാര്യം ചെയ്യുന്നുവെന്ന ഭാവത്തില്‍ അത് ഓട്ടോക്കാരനു കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."