വിജയം കൊതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
ജലീല്‍ അരൂക്കുറ്റി#
കൊച്ചി: ഒരു മാസത്തെ ഇടവേളക്ക് ശേഷം ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. തോല്‍വികളുടെ പരമ്പര കാരണം സാധ്യതകള്‍ നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന്റെ കീഴിലാണ് ഇറങ്ങുന്നത്. സെമിസാധ്യത നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എ.ടി.കെയെ സ്വന്തം തട്ടകത്തില്‍ നേരിടും. സീസണിന്റെ ആദ്യത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു ജയം.
ഏഷ്യന്‍ കപ്പിന്റെ ഇടവേളയ്ക്കു ശേഷം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് ആണ് കിക്കോഫ്. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏക ജയം നേടിയത് ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയ്‌ക്കെതിരെയായിരുന്നു. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് ഇന്ന് സ്റ്റീവ് കൊപ്പലിന്റെ എ.ടി.കെ കൊച്ചിയില്‍ കളിക്കാനിറങ്ങുന്നത്. പുതിയ പരിശീലകന്റെ കീഴിലാണ് ഇടവളേയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ഒരു ജയം മാത്രം നേടാന്‍ കഴിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിന് സെമി സാധ്യത ഇല്ലാതായെങ്കിലും സൂപ്പര്‍ കപ്പിന് യോഗ്യത നേടുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. 12 കളികളില്‍ നിന്ന് 9 പോയിന്റുമായി എട്ടാമതാണ് നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ്. അവസാന കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മുംബൈയില്‍ ചെന്ന് മുംബൈ സിറ്റി എഫ്.സിയോട് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് പരിശീലകനായിരുന്ന ഡേവിഡ് ജെയിംസിനെ പുറത്താക്കിയത്. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയെ തോല്‍പ്പിച്ച ബ്ലാസ്‌റ്റേഴ്‌സിന് പിന്നീട് നടന്ന പതിനൊന്ന് മത്സരങ്ങളിലും ജയിക്കാനായില്ല. ശക്തമായ ആരാധക പിന്തുണയുണ്ടായിട്ടും ഹോം ഗ്രൗണ്ടിലെ ആറു മത്സരങ്ങളും കൈവിട്ടു. മൂന്നെണ്ണം തോറ്റപ്പോള്‍ മൂന്നില്‍ സമനില.
പകരക്കാരനായെത്തിയ മുന്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ നെലോ വിന്‍ഗാദയുടെ കീഴില്‍ ആദ്യ മത്സരമാണിന്ന്. മലേഷ്യ അടക്കമുള്ള രാജ്യാന്തര ടീമുകളെയും ക്ലബ്ബുകളെയും പരിശീലിപ്പിച്ച വിന്‍ഗാദക്ക് പുതിയ ഉദ്യമം അത്ര എളുപ്പമാവില്ല. ജനുവരി ട്രാന്‍സ്ഫര്‍ വഴി സി.കെ വിനീത്, ഹാളിചരണ്‍ നര്‍സാരി അടക്കമുള്ള താരങ്ങള്‍ ടീം വിട്ടതും മിഡ്ഫീല്‍ഡല്‍ സക്കീര്‍ മുണ്ടംപാറക്ക് ആറുമാസത്തെ വിലക്ക് വന്നതും ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ്. ക്രമറോവിച്ച്, മുഹമ്മദ് റാകിപ് എന്നിവര്‍ പരുക്കിന്റെ പിടിയിലുമാണ്. ചെന്നൈയിന്‍ എഫ്.സിക്ക് വായ്പ അടിസ്ഥാനത്തില്‍ കൈമാറിയ വിനീതിന്റെയും നര്‍സാരിയുടെയും മാറ്റം ഇന്നലെയാണ് ഇരുക്ലബ്ബുകളും ഔദ്യോഗികമായി അറിയിച്ചത്. അസമീസ് മുന്നേറ്റക്കാരന്‍ ബെവറിഭങ്ഡാവോ ബോഡോ നര്‍സാരിക്ക് പകരമായി ചെന്നൈയിനില്‍നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തി.
18 കാരനായ ബോഡോ ഈ സീസണില്‍ ഗോകുലം എഫ്.സിക്കായും കളിച്ചിരുന്നു. ഗോള്‍കീപ്പര്‍ നവീന്‍ കുമാര്‍ പഴയ തട്ടകമായ ഗോവയിലേക്ക് ചേക്കേറിയപ്പോള്‍ ലാല്‍തുമാവിയ റാള്‍ട്ടെയാണ് ബ്ലാസ്റ്റേഴ്‌സില്‍ പകരമെത്തിയത്. യുവതാരം നോങ്ദാംബ നോറോമാണ് ബ്ലാസ്‌റ്റേഴ്‌സില്‍ പുതുതായി എത്തിയ മറ്റൊരു താരം. അതേസമയം, 12 മത്സരങ്ങളില്‍നിന്ന് 16 പോയിന്റുമായി ആറാം സ്ഥാനത്താണ്എ.ടി.കെ. അടിച്ച ഗോളുകളുടെ എണ്ണത്തില്‍ (10) എല്ലാ ടീമിനേക്കാളും പിന്നിലാണെങ്കിലും നാലു മത്സരങ്ങളില്‍ ജയിക്കാനായി. പോയ സീസണിലെ റണ്ണേഴ്‌സ് അപ്പായ ബംഗളൂരു നയിക്കുന്ന പട്ടികയില്‍ മുംബൈ സിറ്റി, ജംഷഡ്പുര്‍ എഫ്.സി, എഫ്.സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ക്കൊപ്പം എ.ടി.കെയും അവശേഷിക്കുന്ന മൂന്നു സ്ഥാനങ്ങള്‍ക്കായി കടുത്ത മത്സരത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."