കേന്ദ്ര സര്‍ക്കാരും ആത്മീയ വ്യാപാരവും
അധികാരത്തിന്റെ ഇടനാഴികളിലേക്ക് നടന്നടുക്കാന്‍ ഏറ്റവും എളുപ്പ വഴി ആത്മീയതയെ കൂട്ടുപിടിക്കുകയാണ്. ഹിറ്റ്‌ലറിന്റെ അധികാരത്തിനു പിന്നില്‍ ലൂയിപന്ത്രണ്ടാമനു ംസ്‌പെയിനിലെ ഫ്രാങ്കോയുടെ ഫാസിസ്റ്റ് ഭരണത്തിന് കാത്തോലിക്ക പുരോഹിതന്മാരുടെ പങ്കും ചരിത്രത്തില്‍ സുവ്യക്തമായ ഉദാഹരണങ്ങളാണ്. ഇന്ത്യയില്‍ സമാനമായ രീതിയിലാണ് അധികര നിലനില്‍പുകള്‍. രാഷ്ട്രീയ പുരോഗതിക്കും ജനപങ്കാളിത്തത്തിനുമായി രാഷ്ടീയ ചര്‍ച്ചകള്‍ക്ക് പകരം മതത്തെ കൂട്ടുപിടിച്ചാണ് നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ പോലും നിലനില്‍ക്കുന്നത്. മതകീയ വേര്‍തിരിവുകള്‍ സൃഷ്ടിച്ച് വര്‍ഗീയതയെ ഉച്ചിയില്‍ എത്തിക്കാനാണ് ബി.ജെ.പി ശ്രമം. ഇത്തരത്തിലുള്ള സഞ്ചാരങ്ങള്‍ക്ക് ആത്മീയതയുടെ മറനല്‍കാന്‍ ഗുരുക്കന്മാരെ പ്രതിഷ്ഠിക്കുന്നത് രാജ്യത്ത് നിത്യക്കാഴ്ചകളാണ്. ഇത്തരം ആചാര്യന്മാര്‍ക്കായി വഴിവിട്ട സേവനങ്ങള്‍ ചെയ്യുന്നതിനെ വിമര്‍ശിക്കാനോ എതിര്‍ക്കാനോ ഭൂരിപക്ഷമാളുകള്‍ തയാറാവാറില്ല.
കോണ്‍ഗ്രസും പശുവും ചേര്‍ന്നാല്‍ ബി.ജെ.പി സര്‍ക്കാരായെന്ന അരുണ്‍ ഷൂരിയുടെ പ്രസ്താവനയുടെ കൂടെ ചിലയോഗ ഗുരുക്കളും എന്ന് ചേര്‍ത്താല്‍ നിലവിലെ ഭരണകൂടത്തിന് കൃത്യമായ വ്യാഖ്യാനമാകും. യോഗ ഗുരുക്കന്മാരും എന്‍.ഡി.എ ഭരണകൂടവും തമ്മിലുള്ള ബന്ധം വളരെ പ്രത്യക്ഷമാണ്. ഈയൊരു കൂട്ടുകെട്ടിന് പിന്നിലുള്ള ബാന്ധവങ്ങളെ വിലയിരുത്തുമ്പോള്‍ രാജ്യത്ത് നടക്കുന്ന പക്ഷപാത ഇടപാടുകളുടെ കൃത്യമായ ചിത്രം ലഭിക്കും.
യോഗ ഇന്ത്യയുടെ ആധുനിക മതമായി മാറിയിട്ട് വര്‍ഷം രണ്ടോ മൂന്നോ മാത്രമേ ആയിട്ടുള്ളു. 5,000 വര്‍ഷത്തോളം പഴക്കമുള്ള യോഗ എങ്ങനെ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രചാരത്തിലായെന്നും ഇതിന്റെ ആചാര്യന്മാരുടെ ആസ്തികള്‍ പൂജ്യത്തില്‍ നിന്ന് ശതകോടികള്‍ കടന്നത് എങ്ങനെയെന്നും പരിശോധിക്കപ്പെടേണ്ടതാണ്. ഗുഹകളിലോ തപസ്വകേന്ദ്രങ്ങളിലോ ധ്യാനനിരതരായിരിക്കുന്നവരല്ല ഇന്നത്തെ ഗുരുക്കന്മാര്‍. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ആള്‍ക്കൂട്ടത്തെ കൈയിലെടുക്കാന്‍ പ്രപ്തരുമാണിവര്‍. കോര്‍പറേറ്റുകളും അധികാര കേന്ദ്രങ്ങളും ഇത്തരക്കാരുടെ സഹായവര്‍ത്തികളാണ്. ജനവിരുദ്ധ ഭരണകൂട സമീപനങ്ങള്‍പോലും അഭിമാനത്തോടെ പ്രകീര്‍ത്തിക്കുന്നവരാണ് പുതിയ കാലത്തെ യോഗ ഗുരുക്കന്മാര്‍.
ഹരിയാനയിലെ പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ പിറന്ന് കുട്ടിക്കാലത്ത് സൈക്കിളിന്റെ പഞ്ചറടക്കാന്‍പോലും സാമ്പത്തിക ഭദ്രതയില്ലാതിരുന്ന രാംകൃഷ്ണ യാദവെന്ന നാട്ടിന്‍പുറത്തുകാരനില്‍ നിന്ന് ബാബാരാംദേവെന്ന ശതകോടീശ്വരന്റെ വളര്‍ച്ചയുടെ പടവുകളും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത് മുതലുള്ള മാറ്റങ്ങള്‍ക്കിടയില്‍ യോഗയും അധികാരവും തമ്മിലുള്ള വാണിജ്യവും കാണാനാവും. രാംലീല മൈതാനിയില്‍ 'ഇന്ത്യ എഗൈന്‍സ്റ്റ് ആന്റി കറപ്ഷന്റെ' ബാനറില്‍ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഒന്നുമല്ലാതാക്കി ആര്‍.എസ്.എസിന്റെ നിലപാടുകള്‍ക്ക് പ്രമുഖ്യം നല്‍കപ്പെടുന്നതിലേക്ക് വഴിമാറ്റിയത് രാംദേവായിരുന്നു. ചെയ്ത കൂലിക്കുള്ള പ്രത്യുപകാരം ബി.ജെ.പി അധികാരത്തിലെത്തിയത് മുതല്‍ കൃത്യമായി കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കുന്നുണ്ട്.
ഒരഭിപ്രായ പ്രകാരം മാഗി നൂഡില്‍സിന്റെ നിരോധനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രാം ദേവിന് വേണ്ടിയുള്ള ചരടുവലികളായിരുന്നു. പതഞ്ജലിയെന്ന ഉല്‍പന്നത്തിന്റെ പിന്നീടുള്ള വളര്‍ച്ചയും പ്രചാരണവും പരിശോധിച്ചാല്‍ ഈ അഭിപ്രായം വസ്തുതയാണെന്ന് മനസിലാവും. വാണിജ്യത്തിനായി യോഗയെ മാറ്റിയെടുത്ത രാംദേവടക്കമുള്ളവര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രി വരെയുള്ള കേന്ദ്രഭരണകൂടത്തിന്റെ പ്രമുഖരുടെ പങ്കാളിത്വം വിളിച്ചോതുന്നത് അണിയറയിലെ അത്മീയ ബിസിനസ് രഹസ്യങ്ങളാണ്.
രാംദേവിന്റെ ബിസിനസ് പങ്കാളി ബാലകൃഷ്ണന്‍ ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള നൂറ് ഇന്ത്യക്കാരില്‍ ഒരാളായി ഫോര്‍ബ്‌സ് മാസിക കണ്ടെത്തിയിരുന്നു. പതഞ്ജലിയുടെ സഹപങ്കാളിയായ ഇദ്ദേഹത്തിന്റെ ആസ്തി 16,000 കോടി രൂപയാണ്. പത്മ ഭൂഷണും ഇടപാടുകളിലെ ഇളവുകളും നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായി ആത്മീയ ഗുരുക്കന്മാര്‍ കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കുള്ള തുറന്ന സഹകരണവും പിന്തുണയുമാണ് നല്‍കുന്നത്. നോട്ട് നിരോധനമായാലും അതിര്‍ത്തി പ്രശ്‌നങ്ങളായാലും ഇത്തരം യോഗ ഗുരുക്കന്മാര്‍ പിറകിലുണ്ടാവും.
ശ്രീ ശ്രീ രവിശങ്കര്‍ എന്ന ആര്‍ട്ട് ഓഫ് ലിവിങിന്റെ ആചാര്യന്‍ പരിസ്ഥി അനുമതി ലംഘിച്ച് യമുനാ നദീതീരത്ത് ഏക്കറുകണക്കിന്് സ്ഥലത്ത് ചുരുങ്ങിയ ദിവസത്തെ പരിപാടിക്കായി കൊട്ടാരം പണിതതിനെ പലരും എതിര്‍ത്തപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തെന്ന് മാത്രമല്ല സൈനികര്‍ ഇടപെട്ട് പരിപാടിയുടെ സൗകര്യത്തിനായി പാലം പണിവരെ നടത്തിക്കൊടുത്തു.
ഏറ്റവും ഒടുവിലായി വാര്‍ത്തകളില്‍ നിറയുന്ന യോഗ ഗുരു സദാഗുരു ജഗ്ഗിവാസുദേവാണ്. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നതിന് പുറമെ ആത്മീയതയെ എഴുതുന്നയാളുമാണ് ജഗ്ഗി വാസുദേവ്. യോഗ സംബന്ധിച്ച് 50,000 വേദികളില്‍ സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിങായിട്ടുള്ള എഴുത്തുകാരനുമാണ്. ജഗ്ഗി വാസുദേവന്റെ ഇഷ ഫൗണ്ടേഷന് ലോകത്ത് ഏഴ് മില്യന്‍ അനുയായികളുണ്ട്. സാഹിത്യ സമ്മേളനങ്ങളില്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്കും മറുപടി നല്‍കുന്ന ഈ യോഗാചാര്യന് ദിവസം കഴിയുന്തോറും അനുയായികള്‍ വര്‍ധിച്ചുവരികയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് കോയമ്പത്തൂരില്‍ ഇഷ ഫൗണ്ടേഷന്റെ 112 അടിയുള്ള ശിവപ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാന മന്ത്രിയെ കൊണ്ട് വരാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ആദിയോഗിയായ പരമ ശിവന്റെ പ്രതിമ യോഗാചാര്യനായ ജഗ്ഗി വാസുദേവ് നിര്‍മിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെങ്കിലും അവിടത്തെ പ്രദേശവാസികള്‍ക്ക് ഇതുമൂലമുണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഉന്നയിച്ച് പ്രധാനമന്ത്രിയോട് പരിപാടിയില്‍ നിന്ന ് വിട്ടു നില്‍ക്കാന്‍ നിരവധിപേര്‍ ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയാണുണ്ടായത്. പ്രദേശവാസികളും ആദിവാസികളും നേരിടേണ്ടിയിരിക്കുന്ന പരിസ്ഥിതി ആഘാതമായിരുന്നു ജഗ്ഗി വാസുദേവിന്റെ നിര്‍മാണങ്ങള്‍ക്കെതിരേ ജനങ്ങള്‍ തിരിയാനുള്ള കാരണം. ആസ്ഥാനത്ത് പടുത്തുയര്‍ത്തിയിരിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ക്കെതിരേയുള്ള വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ലെങ്കിലും യോഗാചാര്യന്‍ ഈ പ്രതിഷേധങ്ങള്‍ വകവെച്ചിെല്ലന്നതോടൊപ്പം അധികാരകേന്ദ്രങ്ങള്‍ നടപടിയെടുക്കാതെ ഇദ്ദേഹത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണ്. ഇഷ ഫൗണ്ടേഷന്‍ 2012 ല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ അനുമതിയില്ലാതെയാണെന്നും നിര്‍മിച്ച 34 കെട്ടിടങ്ങളുടെയും നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ അതോറിറ്റി ഉത്തരവിട്ടിരുന്നു.തുടര്‍ന്നുള്ള മാസത്തില്‍ കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ നടപടികളെടുക്കാന്‍ അധികാ
രികള്‍ക്ക് കൈയുറപ്പ് വന്നിട്ടില്ല. മാത്രമല്ല, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇദ്ദേഹത്തിന്റെ ഫൗണ്ടേഷന്‍ അനുമതിയില്ലാതെ പൂര്‍ത്തിയാക്കിയത് നൂറോളം കെട്ടിടങ്ങളാണ്. ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആള്‍ദൈവത്തിന്റെ ധൂര്‍ത്തുകള്‍ നിറഞ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അനധികൃത പ്രവര്‍ത്തനത്തിന് ജഗ്ഗി വാസുദേവന് അംഗീകാരമാവുമെന്നുവരെ പ്രക്ഷോഭകര്‍ പറഞ്ഞെങ്കിലും മോദിയുടെ ആത്മീയ രാഷ്ട്രീയത്തിന് മുന്നില്‍ ജനാവശ്യം നിരാകരിക്കുകയായിരുന്നു. കോര്‍പറേറ്റ് ഭരണകൂട അന്തര്‍ധാരയുടെ പ്രകടമായ തെളിവുകള്‍ നിലപാടുകളിലൂടെ ഇത്തരം ആള്‍ദൈവങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്‍.ഡി.എ ഭരണകൂടത്തിന്റെ സഹായത്തിന് പ്രത്യുപകാരമായി കേന്ദ്രത്തിന്റെ നയങ്ങളെ ഇദ്ദേഹം പിന്തുണക്കാറുണ്ട്. കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പ്രധാന ഐക്കണായി എത്തിയ ജഗ്ഗിവാസുദേവിന്റെ കോര്‍പറേറ്റ് ഭരണകൂട നിലപാടുകള്‍ക്കെതിരേ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ വിമര്‍ശിച്ചപ്പോള്‍ ബി.ജെ.പി ഭരണകൂടത്തെ താന്‍ അനുകൂലിക്കുന്നുവെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.
ഇന്ത്യയില്‍ ആത്മീയ ഗുരുക്കന്മാരെന്ന തരത്തില്‍ സ്വയം പ്രഖ്യാപിതര്‍ രാഷ്ട്രീയത്തിലും ബിസിനസിലും മുഖ്യപങ്കുകള്‍ മുന്‍പ് കാലങ്ങളിലും വഹിച്ചിട്ടുണ്ട്. നഗ്ന സന്യാസികള്‍ക്ക് രാഷ്ട്രീയക്കാര്‍ക്ക് ഉപദേശം നല്‍കാനുള്ള അവസരം നല്‍കിയത് മുതല്‍ രാഷ്ട്രത്തിന്റെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് വരെ ഇവരെ സമീപിക്കാറുണ്ട്.
പുട്ടപര്‍ത്തിയിലെ സത്യസായി ബാബയുടെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങാന്‍ പ്രധാനമന്ത്രി മുതല്‍ സച്ചിനടക്കമുള്ള കായിക താരങ്ങള്‍ വരെ സമീപിച്ചിട്ടുണ്ട്. സദ്ഗുരു, ശ്രീ ശ്രീ രവിശങ്കര്‍, രാംദേവടക്കമുള്ളവരാണ് ആ ഭാഗം ഭംഗിയായി പുതിയ കാലത്ത് നിര്‍വഹിക്കുന്ന ഗുരുക്കന്മാര്‍. കാലം കഴിയന്തോറുമുള്ള ഇടപെടലുകളിലെ മാറ്റങ്ങള്‍ ഈ മേഖലയിലും കാണാം. കളത്തിനു പുറത്തുനിന്ന് ഭരണകൂടവും ഗുരുക്കന്മാരും തമ്മിലുള്ള ആദാനപ്രദാനങ്ങളാണ് മുന്‍പ് നടന്നിരുന്നതെങ്കില്‍ ഇന്ന് ഗ്രൗണ്ടിലിറങ്ങി കളിക്കുന്നവരായി ഇരുഭാഗവും മാറിയിട്ടുണ്ട്. അധികാരകേന്ദ്രങ്ങളിലെ ഈ സ്വജനപക്ഷപാതത്തിന്റെ കൂട്ടുകെട്ടുകള്‍ ഇല്ലാതായി നീതിപൂര്‍വവും ശാസ്ത്രീയവുമായ ഒരു ഇന്ത്യ എന്നെങ്കിലും പുലരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."