HOME
DETAILS
MAL
പബ്ബും ബ്രൂവറിയും ഉടനില്ല; മദ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
backup
February 26 2020 | 03:02 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പബ്ബുകളും ബ്രൂവറികളും ഉടന്‍ അനുവദിക്കേണ്ടെന്നും എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈഡേ തുടരാനും തീരുമാനം. കള്ളുഷാപ്പുകള്‍ ലേലം ചെയ്യാനും വിവിധ എക്‌സൈസ് ഫീസുകള്‍ വര്‍ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് നിലവിലെ നയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മദ്യം വ്യാപകമാക്കുന്ന തീരുമാനം കൈക്കൊണ്ടാല്‍ അതു സര്‍ക്കാരിനെതിരേയുള്ള ആയുധമാകുമെന്ന് സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തിയിരുന്നു. കള്ളുഷാപ്പുകളില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍ക്കുന്നതു നിയമവിധേയമാക്കും.
നിലവില്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കു ദൂരപരിധി ബാധകമാക്കില്ല. ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ അല്ലെങ്കില്‍ മൂന്നു വര്‍ഷം വരെയോ കള്ളുഷാപ്പുകള്‍ വില്‍പന നടത്തുന്നതാണ്. 2019-20 വര്‍ഷത്തെ ലൈസന്‍സികള്‍ക്ക് വില്‍പനയില്‍ മുന്‍ഗണന നല്‍കും.
തെങ്ങില്‍നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ദിനംപ്രതി രണ്ടു ലിറ്ററായി ഉയര്‍ത്തി നിശ്ചയിക്കും. കള്ളുഷാപ്പിന്റെ ആവശ്യത്തിലേക്ക് ചെത്തുന്ന കള്ളിന്റെ അളവ് നിലവില്‍ ദിനംപ്രതി തെങ്ങ് ഒന്നിന് ഒന്നര ലിറ്ററാണ്. ഇതു സംബന്ധിച്ച് പഠനം നടത്തിയ ലളിതാംബിക കമ്മിറ്റി അളവ് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
മദ്യഷാപ്പുകളുടെയും ബാറുകളുടെയും ലൈസന്‍സ് ഫീസില്‍ മാറ്റം വരുത്തും. ഇതിനു മുമ്പ് 2017- 18 ലാണ് ഏതാനും ഇനം ലൈസന്‍സ് ഫീസ് അവസാനമായി വര്‍ധിപ്പിച്ചത്. പുതിയ നയപ്രകാരം എഫ്.എല്‍ 3 ബാറുകളുടെ ലൈസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ആയി വര്‍ധിക്കും.
എഫ്.എല്‍ 4 എ (ക്ലബ്) ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ആകും. എഫ്.എല്‍ 7 (എയര്‍പോര്‍ട്ട് ലോഞ്ച്) ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാകും. ഡിസ്റ്റിലറി ആന്‍ഡ് വേര്‍ഹൗസ് വിഭാഗത്തില്‍ നിലവിലുള്ള ഫീസ് ഇരട്ടിയാക്കാന്‍ നിര്‍ദേശമുണ്ട്. നാലിനങ്ങളുടെ ഫീസ് രണ്ടു ലക്ഷത്തില്‍നിന്ന് നാലു ലക്ഷം രൂപയാകും. ബ്രൂവറി ഫീസും ഇരട്ടിക്കും.
ക്ലബുകളുടെ ഭാരവാഹികള്‍ മാറുമ്പോള്‍ ഫീസ് ഈടാക്കുന്നത് ഒഴിവാക്കും. ഇപ്പോള്‍ സംസ്ഥാനത്ത് 42 ക്ലബുകള്‍ക്ക് എഫ്.എല്‍ 4 എ ലൈസന്‍സുണ്ട്. ഭാരവാഹികള്‍ മാറുമ്പോള്‍ നിലവിലെ നിയമപ്രകാരം രണ്ടു ലക്ഷം രൂപ ഫീസ് അടയ്ക്കണം. ഈ ഫീസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് ഒഴിവാക്കുന്നത്. കേരളത്തിനു പുറത്തുള്ള ഡിസ്റ്റിലറികള്‍ കേരളത്തിലെ ഡിസ്റ്റിലറികളില്‍ കരാര്‍ വ്യവസ്ഥയില്‍ മദ്യം ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു ഡിസ്റ്റിലറിക്ക് രണ്ടു ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കും.
കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലന്റിങ് യൂനിറ്റുകളിലും സംസ്ഥാനത്തിനു പുറത്തുള്ള ഡിസ്റ്റിലറികള്‍ അവരുടെ മദ്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതുമൂലം സംസ്ഥാനത്തിന് ഇറക്കുമതി ഫീസ് നഷ്ടപ്പെടുമെന്ന് അക്കൗണ്ടന്റ് ജനറല്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതിന് കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."