മലേഷ്യക്ക് പുതിയ 'രാജാവ് '
ക്വലാലംപൂര്‍: മലേഷ്യന്‍ രാജകുടുംബത്തിനു പുതിയ അധിപന്‍. പഹാങ് സംസ്ഥാനത്തെ ഭരണാധികാരി സുല്‍ത്താന്‍ അബ്ദുല്ലയാണ് പുതിയ രാജാവ്. സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്റെ അപ്രതീക്ഷിത സ്ഥാനത്യാഗത്തെ തുടര്‍ന്നാണു പുതിയ നിയമനം.
സ്വതന്ത്ര ജനാധിപത്യ രാജ്യമാണെങ്കിലും രാജകുടുംബ വാഴ്ചയ്ക്കു ഭരണഘടനാപരമായ സാധുത നല്‍കുന്നുവെന്ന പ്രത്യേകതയും മലേഷ്യക്കുണ്ട്. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളില്‍ ഭരണം നയിക്കുന്നതു രാജകുടുംബത്തിലെ അംഗങ്ങളാണ്. ഈ ഭരണാധികാരികള്‍ക്കിടയില്‍ ഓരോ അഞ്ചുവര്‍ഷത്തിലും മാറിമാറി രാജപദവി വഹിക്കുന്നതാണു കീഴ്‌വഴക്കം.
യാങ് ഡി പെര്‍ട്ടുവാന്‍ അഗോങ് എന്ന പേരിലാണ് മലേഷ്യന്‍ രാജാവ് അറിയപ്പെടുന്നത്. രാജപദവി ആലങ്കാരികം മാത്രമാണ്. ദൈനംദിന ഭരണപ്രവര്‍ത്തനങ്ങളില്‍ രാജാവ് ഇടപെടില്ല. സാധാരണ രാജാക്കന്മാര്‍ സ്ഥാനത്യാഗം ചെയ്യുന്ന രീതി രാജ്യത്ത് പതിവില്ല. എന്നാല്‍, മുന്‍ റഷ്യന്‍ സുന്ദരിയെ വിവാഹം ചെയ്തതിനെ തുടര്‍ന്നു രണ്ടു വര്‍ഷത്തോളമായി പദവിയിലിരുന്ന സുല്‍ത്താന്‍ മുഹമ്മദ് സ്ഥാനത്യാഗം ചെയ്യുകയായിരുന്നു.മലേഷ്യയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണാധികാരിയാണ് സുല്‍ത്താന്‍ അബ്ദുല്ല. ഈ മാസമാണ് അദ്ദേഹം പഹാങ് ഭരണാധികാരിയായി അധികാരമേറ്റത്. ഈ മാസം 31ന് അദ്ദേഹം പുതിയ രാജാവായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."