നാസിക്കില്‍ മരിച്ച സൈനികന് ജന്മനാടിന്റെ യാത്രാമൊഴി
കൊട്ടാരക്കര: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാംപിനുസമീപം മരിച്ചനിലയില്‍ കണ്ടെത്തിയ എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യു(33) വിന് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. കാരുവേലില്‍ സെന്റ് പോള്‍സ് മലങ്കരസുറിയാനി പള്ളി സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഇന്നലെ രാവിലെ എട്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ട് പോയി.
അതേസമയം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നടപടികളൊന്നും ഉണ്ടാകാതെ ഒരുമണിക്കൂര്‍ ട്രോളിയില്‍ കിടത്തിയതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.
എന്നാല്‍ അതിനിടെ മെഡിക്കല്‍ കോളജിലേക്കുള്ളവഴി മധ്യേ പാങ്ങോട് സൈനിക ക്യാംപില്‍ നിന്നെത്തിയ സൈനികര്‍ മൃതദേഹം ക്യാംപിലെത്തിച്ച് അന്ത്യാഭിവാദ്യം നല്‍കിയശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാനാണ് തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം എന്ന് ബന്ധുക്കളെ അറിയിച്ചു. ഇതും ഏറെ നേരം തര്‍ക്കത്തിനിടയാക്കി.
ബന്ധുക്കള്‍ കൊടികുന്നില്‍ സുരേഷ് എം.പിയെ ബന്ധപ്പെടുകയും അദ്ദേഹം കരസേന ഉപമേധാവിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
മെഡിക്കല്‍ കോളജില്‍ കൊല്ലം അസി. കലക്ടര്‍ ഡോ. ചിത്രയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി സൈനിക അകമ്പടിയോടെ ആംബുലന്‍സില്‍ വൈകിട്ട് 4.30 ഓടെ ജന്മനാട്ടില്‍ എത്തിച്ചു.
പഠിച്ച പവിത്രേശ്വരം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ട് വന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ 5.45 ന് സംസ്‌കരിച്ചു.
മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് കോടിയേരി
കൊട്ടാരക്കര: റോയി മാത്യുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. റോയി മാത്യുവിന്റെ വസതിയിലെത്തി മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."