ഡല്‍ഹി കലാപത്തില്‍ മരണം 18 ആയി: പൊലിസുകാരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി.ഇന്ന് രാവിലെ ഏഴ് പേരെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.50 പൊലിസുകാര്‍ ഉള്‍പ്പടെ 180 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പരുക്കേറ്റവരില്‍ നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.
ഡല്‍ഹിയില്‍ നിരോധനാജ്ഞ തുടരുകയാണ്. ഡല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയും അലുമ്‌നി അസോസിയേഷനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടപ്പിച്ചു.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് ഡല്‍ഹി പൊലിസ് പുറപ്പെടുവിച്ചു.
അതേ സമയം അര്‍ധരാത്രിയില്‍ വാദം കേട്ട് ഹൈക്കോടതി പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി കേരളത്തിലേക്കുളള സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകള്‍ തുറന്നു
മോജ്പുര്‍, ബാബര്‍പുര്‍ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോള്‍ ബോംബും കല്ലുകളും വര്‍ഷിച്ച സംഘര്‍ത്തില്‍ കുട്ടികളടക്കം നിരവധിപേര്‍ക്ക് പരുക്കേറ്റു.ആയിരം സായുധ പൊലിസുകാരെ പ്രദേശത്ത് വിന്യസിച്ചു. റാപിഡ് ഫോഴ്‌സ് വിവിധ പ്രദേശങ്ങളില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. അക്രമം വ്യാപകമായ അഞ്ച് പ്രദേശങ്ങളില്‍ 6000 അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അക്രമികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."