അനസിനെ തനിച്ചാക്കി ജാസ്മിന്റെ വിയോഗം; നാടിന് നൊമ്പരമായി
കൊളത്തൂര്‍: ഒരാഴ്ച മുന്‍പ് മണവാട്ടിയായി നവവരന്‍ അനസിന്റെ ജീവിതസഖിയായ ജാസ്മിന്റെ വിയോഗം നാടിന്റെ നൊമ്പരമായി. കൊളത്തൂര്‍ പള്ളിയാലില്‍കുളമ്പ് സ്വദേശിയായ വെളുത്തേങ്ങോടന്‍ അഷ്‌റഫിന്റെ മകള്‍ ജാസ്മിനും കൊളത്തൂര്‍ അമ്പലപ്പടി സ്വദേശി അനസും കഴിഞ്ഞ ഞാറാഴ്ചയാണ് വിവാഹിതരായത്. വെളുത്തേങ്ങോടന്‍ കോളനിയില്‍ കഴിഞ്ഞ ആഴ്ച സന്തോഷത്തിന്റെ നാളുകളായിരുന്നു. ഒരേ കുടുംബത്തിലെ സഹോദരങ്ങളുടെ നാലു മക്കളാണ് ഒരേ പന്തലില്‍ വച്ച് മിന്നുകെട്ടിയത്. ഇതിന്റെയെല്ലാം സന്തോഷ നിമിഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ജാസ്മിനും ഭര്‍ത്താവ് അനസും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെടുന്നത്. കൊളത്തൂര്‍ നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ നേരിയ വളവില്‍ മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുനിന്നു ഗുരുതര പരുക്കേറ്റ ജാസ്മിനെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ പ്രിയതമനെയും തനിച്ചാക്കി ജാസ്മിന്‍ യാത്രയാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."