വെള്ളവും ഭക്ഷണവുമില്ല: മുതുമലയില്‍ ഒരുമാസത്തിനിടെ ചരിഞ്ഞത് നാല് ആനകള്‍
ഗൂഢല്ലൂര്‍: വേനല്‍ കനത്തതോടെ പുഴകളും അരുവികളും വറ്റിവരണ്ടതും വനത്തിലെ പച്ചപ്പ് മാഞ്ഞതും വന്യമൃഗങ്ങളുടെ മരണ സംഖ്യ വര്‍ധിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ചരിഞ്ഞത് നാല് ആനകളാണ്.
വെള്ളത്തിന്റെ കുറവും ഭക്ഷണമില്ലായ്മയുമാണ് ആനകളുടെ ദാരുണാന്ത്യത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളടക്കം പറയുന്നത്. അഭയരാനയം, തെപ്പക്കാട്, ശിങ്കാര, മസിനഗുഡി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്ന് പിടിയാനകളും ഒരു കുട്ടിയാനയും ചത്തത്. വന്യമൃഗങ്ങളെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ വനംവകുപ്പ് കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നതിനിടെയാണ് ആനകള്‍ ചരിഞ്ഞത്. മുതുമല, മായാര്‍, ശിങ്കാര, തെപ്പക്കാട്, കാര്‍ഗുഡി തുടങ്ങിയ വനമേഖലകളിലാണ് വരള്‍ച്ചയുടെ കാഠിന്യം കൂടുതലായുള്ളത്. ഇവിടങ്ങളില്‍ വനത്തിനുള്ളില്‍ ടാങ്കുകള്‍ നിര്‍മിച്ച് വെള്ളം നിറച്ചാണ് വനംവകുപ്പ് ഒരു പരിധിവരെ മൃഗങ്ങള്‍ക്ക് രക്ഷയേകുന്നത്.
എന്നാല്‍, ഉള്‍വനങ്ങളില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതും മൃഗങ്ങള്‍ ചാകാന്‍ കാരണമാകുന്നുണ്ട്. സേലത്ത് നിന്ന് ആനകള്‍ക്ക് ആവശ്യമായ തീറ്റയെത്തിക്കുന്നുണ്ടെങ്കിലും ഇത് എത്രദിവസം തുടരാന്‍ സാധിക്കുമെന്നതിനെ കുറിച്ച് വനംവകുപ്പിന് തന്നെ വ്യക്തമായ ധാരണയില്ല.
തുടര്‍ച്ചയായി ഒന്നിലധികം മഴ ലഭിച്ചെങ്കില്‍ മാത്രമെ ഈ ഗുരുതരാവസ്ഥയില്‍ നിന്ന് വനത്തെയും മൃഗങ്ങളെയും രക്ഷിക്കാനാകൂ എന്നാണ് മുതുമല ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശരവണന്‍ പറയുന്നത്. രൂക്ഷമാകുന്ന ജലക്ഷാമവും കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലെ കാട്ടുതീയും വനത്തിലെ തീറ്റക്കുറവും വയനാടന്‍ കാടുകളിലും കാട്ടാന ഉള്‍പ്പെടയെുളള വന്യജീവികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനങ്ങളില്‍ നിന്ന് തീറ്റയും വെള്ളവും തേടി ആനകള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്ക് തള്ളിക്കയറുന്ന സമയമാണിപ്പോള്‍.
നീലഗിരി ജൈവ മേഖലയില്‍ മഴയുടെ തുടര്‍ച്ച ഉണ്ടായില്ലെങ്കില്‍ ബന്ദിപ്പുര-മുത്തങ്ങ-മുതുമല വന്യജീവി സങ്കേതങ്ങളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."