ചെമ്പകത്ത് ജാബിറിന്റെ ഓര്‍മയില്‍ തെരട്ടമ്മലില്‍ ഇന്ന് പന്തുരുളും
അരീക്കോട്: അരീക്കോടിന്റെ കളിക്കളത്തില്‍ ആറാം വയസ് മുതല്‍ കുഞ്ഞുപാദങ്ങള്‍ കൊണ്ട് തട്ടിക്കയറി ഇന്ത്യന്‍ ടീമിലെത്തിയ ഇന്ദ്രജാലവും എം.എസ്.പി പൊലിസ് ഇന്‍സ്‌പെക്ടറുമായിരുന്ന ചെമ്പകത്ത് ജാബിറിന്റെ ഓര്‍മയില്‍ തെരട്ടമ്മല്‍ മൈതാനത്ത് ഇന്ന് പന്തുരുളും.
പിച്ചവച്ച നാള്‍മുതല്‍ ഫുട്‌ബോള്‍ ജ്വരം ഉടലാകെ പടര്‍ന്നതോടെ ആവേശത്തിനപ്പുറം ഫുട്‌ബോളിനോടുള്ള അടങ്ങാത്ത പ്രണയം കൂട്ടുകൂടിയ രാജ്യന്തര താരത്തിന്റെ സ്മരണയില്‍ ജീവകാരുണ്യ, വിദ്യഭ്യാസ, പരിരക്ഷ, സ്റ്റേഡിയം വികസനം തുടങ്ങിയ പദ്ധതികള്‍ക്കായി ജനകീയ കമ്മിറ്റിയിയാണ് സെവന്‍സ് ഫുട്‌ബോള്‍ സംഘടിപ്പിക്കുന്നത്. ഊണിലും ഉറക്കിലും പഠനവഴികളിലും കാല്‍പന്ത് കളി കാര്യമായ ചര്‍ച്ചയായിരുന്നു ജാബിറിന്. ഫുഡ്‌ബോളിന്റെ മക്കയായ അരീക്കോടിന്റെ കളിക്കളത്തില്‍ നിന്ന് രാജ്യത്തിന്റെ ജയ്‌സിയണിഞ്ഞ മിഡ്ഫീല്‍ഡറും പ്രതിരോധക്കാരനുമായി ജാബിര്‍. കേരളാ പൊലിസില്‍ നിന്ന് കേരളാ ടീമിലേക്കും പിന്നീട് ദേശീയ മത്സരങ്ങളിലും ബൂട്ടണിഞ്ഞ സൂപ്പര്‍ താരം 2016 ഡിസംബര്‍ നാലിന് രാത്രി കൊണ്ടോട്ടിയില്‍ വച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.
നാടിന്റെ യശസ് കായിക ഭൂപടത്തില്‍ വാനോളം ഉയര്‍ത്തിയ പ്രിയ താരത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പന്തുതട്ടാന്‍ 24 ടീമുകളാണ് തെരട്ടമ്മല്‍ ഗ്രൗണ്ടിലെത്തുന്നത്. 1991ല്‍ ആദ്യമായി കേരളാ പൊലിസ് ടീം ഫെഡറേഷന്‍ കപ്പ് നേടിയപ്പോള്‍ മിന്നും പ്രകടനം കാഴ്ചവച്ച ജാബിറിന്റെ ടീം തന്നെയായിരുന്നു 92ലും കപ്പ് നേടിയത്. രാജ്യന്തര മത്സരങ്ങളില്‍ കാക്കിക്കുപ്പായക്കാര്‍ നിറസാനിധ്യമായ കാലത്ത് മലയാളനാടിന്റെ പേരും പെരുമയും ലോകത്തിന്റെ നെറുകയ്യിലെത്തിച്ച കരുത്തുറ്റ ടീമിലൊരാള്‍. ഐ എം വിജയന്‍, യു ഷറഫലി, സി.വി പാപ്പച്ചന്‍, വി.പി സത്യന്‍, കുരികേശ് മാത്യൂ, കെ.ടി ചാക്കോ, തോമ്പിയാസ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം കളം നിറഞ്ഞ് കളിച്ച് കളിമുഖത്ത് കരുത്ത് കാണിച്ച പ്രതിഭാശാലിയായി.
1996ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ രാജ്യത്തിനായി ബൂട്ട് കെട്ടിയ അരീക്കോട്ടുകാരന്‍ പ്രതിരോധവലയവും മലയാളനാടിന്റെ മാനവും കാത്തു.
1990കളില്‍ കേരളാ പൊലിസ് ടീമിന്റെ മുന്‍നിര താരങ്ങളിലൊരാളായ കളിക്കമ്പക്കാരന്‍ 1994, 95, 96 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി പന്ത് തട്ടി. ഐ.എം വിജയനും യു ഷറഫലിയും ഹബീബ് റഹ്മാനും കുരികേശ് മാത്യുവുമടങ്ങുന്ന സംഘത്തില്‍ ഏറ്റെടുത്ത ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്ന ഡിഫന്‍ഡര്‍. സ്വന്തം പൊസിഷനില്‍ ജാബിര്‍ ഉണ്ടെങ്കില്‍ ഗോള്‍കീപ്പര്‍ക്ക് നെഞ്ചിടിപ്പുണ്ടാവില്ല. ജാബിറിനെ മറികടന്ന് ഷോട്ടുകള്‍ ഗോള്‍വല കടക്കണമെങ്കില്‍ അല്‍പം വിയര്‍ക്കേണ്ടിയിരുന്നെന്ന് പ്രമുഖ താരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിരമിച്ച ശേഷം സൗഹൃദ മത്സരങ്ങളിലും സെവന്‍സ് ടൂര്‍ണമെന്റുകളിലും കളിക്കാരനും സംഘാടകനുമായി.
പുതുതലമുറയെ കാല്‍പന്ത് കളിയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിലും ജാബിര്‍ നിര്‍ണായക ഘടകമായി. കളത്തിനകത്തും പുറത്തും സ്‌നേഹവും സൗഹൃദവും കൈമുതലാക്കിയ ജാബിറിന്റെ അപ്രതീക്ഷിതമായ വിയോഗം കായിക ലോകത്തിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്. സെവന്‍സ് ഫുട്‌ബോള്‍ ഉദ്ഘാടനത്തിന് ജാബിറിന്റെ സഹപ്രവര്‍ത്തകരായ ഐ.എം വിജയന്‍, ചാക്കോ എന്നിവര്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."