സഊദിയിൽ പ്രഥമ വനിതാ ഫുട്ബോൾ ടീം നിലവിൽ വന്നു
ജിദ്ദ: സഊദിയിൽ പ്രഥമ വനിതാ ഫുട്ബോൾ ടീം നിലവിൽ വന്നു. കലാ കായിക സ്പോർട്സ് രംഗത്തെ പ്രമുഖരുടെയും അന്താരാഷ്ട്ര മീഡിയ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സഊദി സ്പോർട്സ് ഫെഡറേഷൻ ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ വലീദ് ആണ് വനിതാ ഫുട്ബോൾ ടീം പ്രഖ്യാപനം നടത്തിയത്.
സഊദി സ്പോർട്സ് കൗൺസിൽ പൂർണ്ണമായും ധനസഹായം നൽകുന്ന ആദ്യ സീസൺ മത്സരങ്ങൾ 17 വയസ്സിനു മുകളിലുള്ള വനിതകൾക്കായി റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടത്തപ്പെടും.
സെമി ഫൈനൽ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ടീമുകൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഓരോ നഗരങ്ങളിലും വനിതാ ഫുട്ബോൾ മത്സരങ്ങൾ നടത്തപ്പെടും. അവസാന മത്സരത്തിൽ വിജയികൾക്ക് ചാമ്പ്യൻഷിപ്പ് കപ്പ് വിതരണം ചെയ്യും. അഞ്ച് ലക്ഷം സഊദി റിയാലിന്റെ സമ്മാനമാണ് സ്പോർട്സ് യൂണിയൻ അനുവദിക്കുക.
'സഊദി രാജാവ് കിംഗ് സൽമാൻ, കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ, സ്പോർട്ട്സ് ജനറൽ അതോറിറ്റി ചെയർമാൻ പ്രിൻസ് അബ്ദുൽ അസീസ് തുർക്കി എന്നിവരുടെ അറ്റമില്ലാത്ത പിന്തുണയും സഹകരണവും നിങ്ങൾക്കുണ്ടാവു''മെന്ന് സഊദി സ്പോർട്സ് യൂണിയൻ ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ വലീദ് വ്യക്തമാക്കി.
സാമൂഹ്യ തലത്തിൽ വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന വനിതാ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമാവുന്നത് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള കുതിച്ചുചാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഏതുതരം സ്പോർട്ട്സ് മത്സരങ്ങൾക്കും രാജ്യം പിന്തുണ നൽകും എന്നതിനുള്ള സന്ദേശവും കൂടിയാണ് ഈ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.
'കായിക രംഗത്ത് സ്ത്രീകളുടെ പിന്തുണയും മുന്നേറ്റവും അവരുടെ കായിക അംഗീകാരങ്ങൾക്കുള്ള ഒരു സുപ്രധാന ഘടകമാണ്. ഈ നേട്ടം കൈവരിച്ചതിൽ സൗദി സ്പോർട്സ് ഫെഡറേഷൻ അങ്ങേയറ്റം ആവേശത്തിലും സന്തോഷത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."