കുടുംബശ്രീ ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിക്ക് തുടക്കം
ആഷിഖ് അലി ഇബ്രാഹിം
മുക്കം: വയോജന പരിപാലന മേഖലയില്‍ കുടുംബശ്രീ നടപ്പാക്കുന്ന ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതി പ്രാബല്യത്തില്‍. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത 200 വനിതകളുടെ സംസ്ഥാനതല സംഗമവും ദ്വിദിന തൊഴില്‍ വൈദഗ്ധ്യ പരിശീലന ശില്‍പശാലയും പൂര്‍ത്തിയായി. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9188 11 2218 എന്ന നമ്പറില്‍ കോള്‍ സെന്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതിവഴിയുള്ള വിവിധ സേവനങ്ങളെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ംംം.വമൃവെമാ.സൗറൗായമവെൃലല.ീൃഴ എന്ന വെബ്‌സൈറ്റിലും ലഭിക്കും.
കെയര്‍ ഹോമുകള്‍, പകല്‍ വീടുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വയോജന പരിപാലന മേഖലയില്‍ സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു കുടുംബശ്രീ ഹര്‍ഷം പദ്ധതി ആവിഷ്‌കരിച്ചത്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രമോഷന്‍ ട്രസ്റ്റുമായി ചേര്‍ന്നാണു പദ്ധതി അംഗങ്ങള്‍ക്ക് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനം നേടിയ വനിതകള്‍ക്ക് ഈ മേഖലയില്‍ സ്വയംതൊഴില്‍ ആരംഭിക്കാന്‍ കഴിയും. കൂടാതെ കുടുംബശ്രീയുടെ പിന്തുണയോടെ പരമാവധി തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുകയും ചെയ്യുന്നുണ്ട്.
പരമാവധി അയല്‍ക്കൂട്ട വനിതകള്‍ മേഖലയിലേക്ക് കടന്നുവരുന്നതിനും അവര്‍ക്ക് സൗജന്യപരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. കെയര്‍ ഗിവര്‍ എക്‌സിക്യുട്ടീവുകള്‍ക്ക് മികച്ച ആശുപത്രി സംവിധാനങ്ങളുടെ പിന്തുണയോടെ 15 ദിവസത്തെ പരിശീലന പരിപാടിയാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ഇതിന്റെ ഭാഗമായി വയോജന പരിചരണവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളില്‍ പരിശീലനം, പ്രായോഗിക പരിശീലനത്തിന് അവസരം, ആശുപത്രി സംവിധനങ്ങളുമായി പരിചയപ്പെടല്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യത്യസ്ത പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആശുപത്രികളിലും വീടുകളിലും രോഗികള്‍ക്ക് കൂട്ടിരിപ്പ് പരിചരണം, കൃത്യമായ ഇടവേളകളില്‍ ആഹാരം, മരുന്നു നല്‍കല്‍, വീടുകളില്‍ ചെന്ന് കിടപ്പുരോഗികളുടെ ഷുഗര്‍, രക്തസമ്മര്‍ദം എന്നിവയുടെ പരിശോധന, കിടപ്പുരോഗികളുടെ കിടക്ക വൃത്തിയാക്കല്‍, കുളിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ ആവശ്യാധിഷ്ഠിത സേവനങ്ങള്‍ തുടങ്ങിയവയാണു പദ്ധതി വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."