ഹീര: ഇരകള്‍ പ്രക്ഷോഭം ശക്തമാക്കും
കോഴിക്കോട്: അഞ്ചുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണ് കാരപ്പറമ്പ് സ്വദേശി സൈജ ഹീരാ തട്ടിപ്പ് ഇരകളുടെ യോഗത്തിലേക്ക് വന്നത്. തന്റെ സുഹൃത്തില്‍ നിന്നാണ് ഹീരാ ഗ്രൂപ്പിനെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും അറിയുന്നത്. മതത്തിന്റെ പേരിലായതിനാല്‍ പദ്ധതിയെ പൂര്‍ണമായും വിശ്വസിച്ചു. തന്റെ കൈയിലുണ്ടായിരുന്ന സ്വര്‍ണവും പണവും ചേര്‍ത്ത് ആറു ലക്ഷത്തോളം രൂപ നാലു തവണകളായി ഹീരാ ഗ്രൂപ്പില്‍ നിക്ഷേപിച്ചു. ഓണ്‍ലൈനായിട്ടായിരുന്നു പണം നിക്ഷേപിച്ചത്. ആദ്യത്തെ മാസങ്ങളില്‍ കൃത്യമായി പണം ലഭിച്ചു. പിന്നീട് ലാഭവിഹിതത്തില്‍ കുറവു വരാന്‍ തുടങ്ങി. എന്നാല്‍ 2018 മെയ് മുതല്‍ പണം ലഭിക്കാതെയായി. അന്വേഷിച്ചപ്പോള്‍ ജി.എസ്.ടി പ്രശ്‌നം മൂലം മൂന്നുമാസം വൈകുമെന്നറിയിച്ചു. അതിനുശേഷവും പണം ലഭിക്കാതായി. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു തട്ടിപ്പിനിരയായ സത്യം തിരിച്ചറിയുന്നത്. തട്ടിപ്പ് പുറത്തറിഞ്ഞതിനു ശേഷം പല രീതിയിലുമുള്ള കുറ്റപ്പെടുത്തലുകളും പരിഹാസവുമാണ് സൈജക്ക് നേരിടേണ്ടി വന്നത്. തന്റെ മുടക്കുമുതല്‍ തിരിച്ചുകിട്ടണമെന്ന ആവശ്യം മാത്രമേ ഇവര്‍ക്കുള്ളൂ. ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ ഒരുലക്ഷം രൂപയാണ് ബേപ്പൂര്‍ സ്വദേശിനി താഹിറയ്ക്ക് നഷ്ടമായത്. ലാഭംകൊണ്ട് വീടിന്റെ വാടകയും മാസം നല്‍കാം എന്ന പ്രതീക്ഷയോടെയാണു പണം നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് ഒന്നും തിരിച്ചുകിട്ടാതായതോടെ കമ്പനിയില്‍ വിളിച്ച് തുക തിരിച്ചുനല്‍കണമെന്ന് പറഞ്ഞു. അപ്പോള്‍ പിന്‍വലിക്കാനുള്ള ഫോം എഴുതിനല്‍കാന്‍ കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍ ഫോം കൊടുത്തതിനു ശേഷം പിന്നീട് യാതൊരു അറിയിപ്പും ലഭിച്ചില്ല. പലിശ വാങ്ങുന്നത് തന്റെ വിശ്വാസത്തിന് എതിരായതിനാല്‍ ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനത്തില്‍ ഈ യുവതിയും വീണുപോകുകയായിരുന്നു. ഹീരാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പല സ്ഥാപനങ്ങളെയും കുറിച്ചറിഞ്ഞപ്പോള്‍ ആ വിശ്വാസം ഇരട്ടിച്ചു.
ഇടിയങ്ങരയിലെ പലചരക്കു കച്ചവടം ചെയ്യുന്ന സാഹിര്‍ 12 ലക്ഷം രൂപയാണു നിക്ഷേപിച്ചത്. ആറു ലക്ഷം രൂപ ആദ്യം നിക്ഷേപിക്കുകയും ലാഭവിഹിതം കൃത്യമായി ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും ആറു ലക്ഷം കൂടി വീടിന്റെ ആധാരം പണയം വച്ച് നിക്ഷേപിച്ചു. എന്നാല്‍ പിന്നീട് പണമൊന്നും ലഭിക്കാതായതോടെയാണ് തട്ടിപ്പ് മനസിലായത്. ഇപ്പോള്‍ ബാങ്കില്‍ അടവു തെറ്റിയതുമൂലം വീട്ടിലെ ചെലവും കുട്ടികളുടെ വിദ്യാഭ്യാസവുമായി ഏറെ പ്രതിസന്ധിയിലാണ്. ഇങ്ങനെ നിരവധി പേരാണ് വിശ്വാസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുള്ളത്. ഹൈദരാബാദിലെ സ്വന്തം മാധ്യമ സ്ഥാപനം വഴി കമ്പനി സി.ഇ.ഒ ആലിമ നുഹൂറ ഷെയ്ക്ക് ഭീഷണിസന്ദേശം പ്രചരിപ്പിച്ചതോടെ കോടികള്‍ നഷ്ടമായവര്‍ പോലും പരാതിയില്‍നിന്ന് പിന്മാറിയതായാണു വിവരം. സ്ഥാപനം പണം കൈപ്പറ്റിയതിനു കൃത്യമായ രേഖകളുമായി വരുന്നവര്‍ക്കു മാത്രമേ പണം തിരിച്ചുനല്‍കൂ എന്നു പറഞ്ഞതോടെയാണ് ഭൂരിഭാഗം പരാതിക്കാരും പിന്‍വലിഞ്ഞത്. ബാങ്ക് വഴിയല്ലാതെ പണം നിക്ഷേപിച്ചവര്‍ക്ക് ഹീരാ ഗോള്‍ഡിന്റെ പേരില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഏക രേഖ. പലരും പരിഹാസം ഭയന്നു പരാതിപറയാന്‍ രംഗത്തെത്തുന്നുമില്ല. വഞ്ചിക്കപ്പെട്ടവര്‍ക്ക് എത്രയും പെട്ടന്ന് നീതി ലഭിക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും തട്ടിപ്പിനിരയായവര്‍ എത്രയും പെട്ടന്നു പരാതിനല്‍കാന്‍ സന്നദ്ധരാകണമെന്നും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് വ്യാപാര ഭവനില്‍ വിക്ടിംസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഇരകളുടെ യോഗം നടത്തിയത്. യോഗത്തില്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി 120ല്‍പരം ആളുകള്‍ പങ്കെടുത്തു. ഇതുസംബന്ധിച്ച് ഇരകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനിരിക്കുകയാണ്. പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. ചടങ്ങില്‍ വിക്ടിംസ് ഫോറം സെക്രട്ടറി എന്‍.കെ ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ ടി.വി മുസ്തഫ, എന്‍.എ ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."