HOME
DETAILS
MAL
പ്രസ്താവനയും ട്വീറ്റും മാത്രം മതിയോ?
backup
February 27 2020 | 01:02 AM
ഇതെഴുതുമ്പോള്‍ ഡല്‍ഹിയില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിരണ്ടായി. കണ്ടേടത്തോളം വെച്ചു നോക്കുമ്പോള്‍ കൊള്ളയും കൊലയും അത്ര പെട്ടെന്ന് അവസാനിക്കുമെന്ന് പറയാനാവുകയില്ല. സ്ഥിതി നിയന്ത്രണാധീനം എന്നൊക്കെ പൊലിസ് പറയുന്നുണ്ട്. കലാപം അടിച്ചമര്‍ത്തുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നല്‍കുന്നു. പ്രധാനമന്ത്രി മോദി സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നു. ഉദ്യോഗസ്ഥരെ മാറ്റുന്നു, അജിത് ഡോവലിനെ ചുമതലയേല്‍പ്പിക്കുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഭരണകൂടം കലാപം ഒതുക്കാന്‍ മുന്‍പന്തിയില്‍. പൊലിസ് സുസജ്ജം. കോടതി വളരെ ജാഗ്രതയോടെ. എല്ലാ സംവിധാനങ്ങളും സജീവം. പക്ഷെ മരണ സംഖ്യ കൂടിക്കൊണ്ടേയിരിക്കുന്നു. കലാപം ഒതുങ്ങുന്നേയില്ല. ധീരമായ വാക്കുകള്‍ കൊണ്ടുള്ള പേരാട്ടമാണ് ചുറ്റും നടക്കുന്നത്.
എന്തുകൊണ്ടാണിങ്ങനെ? എന്തുകൊണ്ട് ഡല്‍ഹി പൊലിസിനു കലാപകാരികളെ പിടികൂടാനും ശക്തമായ നടപടികള്‍ കൈക്കൊള്ളാനും കഴിയുന്നില്ല? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ നാം കലാപത്തിന്റെ സ്വഭാവത്തെപ്പറ്റിയും അതിന്റെ പൂര്‍വ മാതൃകകളെപ്പറ്റിയും മനസിലാക്കണം. തീര്‍ച്ചയായും ഇപ്പോഴത്തെ കലാപത്തിന് ചില പൂര്‍വമാതൃകകളുണ്ട്. അവയില്‍ ഒന്ന് 1984ലെ സിക്ക് വിരുദ്ധ കലാപമാണ്. സാധാരണ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. ആകസ്മിക സംഭവങ്ങളില്‍ നിന്നാണ് പൊതുവെ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാറുള്ളത്. എന്നാല്‍ സിക്ക് വിരുദ്ധ കലാപം അങ്ങനെയായിരുന്നില്ല. കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു അതിനു പിന്നില്‍. ഇന്ദിരാ ഗാന്ധിയെ സിക്കു മതക്കാരായ സുരക്ഷാ ഭടന്മാര്‍ വെടിവച്ചു കൊന്നതിനെത്തുടര്‍ന്നു സിക്കുകാരെ തേടിപ്പിടിച്ച് ആസൂത്രിതമായി ഉന്മൂലനം ചെയ്യുകയായിരുന്നു. ഹിന്ദുത്വവികാരമാണ് അന്ന് ഇന്ദിരാ തരംഗത്തില്‍ ഉന്മത്തമായത്.
ഗുജറാത്ത് കലാപത്തിനു പിന്നിലും കൃത്യമായ ആസൂത്രണവും മുന്നൊരുക്കവുമുണ്ടായിരുന്നു. ഈ രണ്ടു കലാപങ്ങളിലും ഇരകളായത് യഥാക്രമം സിക്ക്, മുസ്‌ലിം ന്യൂനപക്ഷങ്ങളാണ്, അക്രമികള്‍ ഹിന്ദു സമുദായത്തില്‍ പെട്ട വര്‍ഗീയ ഭ്രാന്തരും. രണ്ടു കലാപങ്ങളുടെയും പൊതുവായ മറ്റൊരു സവിശേഷത രണ്ടിനും ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ നിയമപാലക സംവിധാനങ്ങള്‍ നിഷ്‌ക്രിയമായി.എന്നു മാത്രമല്ല, പലപ്പോഴും അവ ഇരകള്‍ക്കെതിരായി വേട്ടക്കാര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തു. അതിന്റെ ആവര്‍ത്തനമാണ് ഡല്‍ഹി കലാപവും. ഡല്‍ഹി സംസ്ഥാനം ഭരിക്കുന്നത് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയാണ്. പക്ഷെ പൊലിസ് അമിത് ഷായുടെ കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴില്‍. പൗരാവകാശ ധ്വംസനത്തിനു പേരു കേട്ട ഡല്‍ഹി പൊലിസ് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ എല്ലാ സൗകര്യങ്ങളും നല്‍കി. പുറമേയ്ക്ക് പറഞ്ഞുകേള്‍ക്കുന്നത് പോലെയോ മാധ്യമങ്ങള്‍ സാമാന്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെയോ സി.എ.എ വിരുദ്ധരും അനുകൂലികളും തമ്മില്‍ നേരിട്ടു നടത്തുന്ന യുദ്ധമല്ല അത്. ഇരു വിഭാഗങ്ങള്‍ പോരാട്ട ഭൂമിയിലുണ്ട്. എന്നാല്‍ അതൊരു പശ്ചാത്തലം മാത്രമാണ്. അത് വെച്ച് ന്യൂനപക്ഷേ വേട്ട തന്നെയാണ് നടക്കുന്നത്. മുന്‍പ് പറഞ്ഞ രണ്ട് അതിക്രമങ്ങളിലുമെന്ന പോലെ ഭരണകൂടം ഇവിടേയും വേട്ടക്കാര്‍ക്കൊപ്പം നിന്നു.
ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ കലുഷിതമായ പ്രസ്താവനകള്‍ കലാപം കുത്തിയിളക്കി എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗം തീര്‍ച്ചയായും അപകടകരം തന്നെ. എന്നാല്‍ കപില്‍ മിശ്രയുടെ പ്രസംഗത്തിലേക്ക് കലാപത്തിന്റെ കാരണം കേന്ദ്രീകരിക്കുന്നത് ഒരു ലളിതവല്‍ക്കരണമാണ്. യഥാര്‍ഥത്തില്‍ തന്നേക്കാള്‍ വലിയ നേതാക്കന്മാര്‍ നേരത്തെ സൃഷ്ടിച്ച തീ ആളിക്കത്തിക്കുകയേ ചെയ്തുള്ളൂ മിശ്ര, നഗരത്തിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ പെട്ടെന്ന് കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നില്ല. വളരെ കുറച്ചു കാലം മുമ്പു മാത്രം തെരഞ്ഞെടുപ്പ് നടന്ന നഗരത്തില്‍ നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ പ്രസംഗങ്ങളിലൂടെ ഉണ്ടാക്കിയ സ്പര്‍ദ്ധ കുറച്ചൊന്നുമല്ല. സാമുദായികമായ വിടവ് അവര്‍ തെരഞ്ഞെടുപ്പ് കാലത്ത് സൃഷ്ടിച്ചു. ഈ അന്തരീക്ഷത്തില്‍ കലാപത്തീ ആളിക്കത്തുക എളുപ്പമാണ്. അതിനാല്‍ കപില്‍ മിശ്ര മാത്രമല്ല പ്രതി, ബി.ജെ.പിയുടെ രണ്ടാം കിട നേതാക്കളുമല്ല. മോദിയും ഷായും തന്നെയാണ്.
ഗുജറാത്തിലേത് പോലെ തന്നെ ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ഡല്‍ഹിയില്‍ സ്പര്‍ദ്ധയുടേയും ഹിംസയുടേയും ഉമിത്തീ നീറിക്കത്തുകയായിരുന്നു എന്നും ഓര്‍ക്കണം. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയക്കു ചുറ്റും ഡിസംബര്‍ പാതി മുതല്‍ അക്രമത്തിന്റെ അന്തരീക്ഷമായിരുന്നു. പൊലിസ് അതിക്രമം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കിയിരുന്നു. പൊലിസ് സര്‍വ്വകലാശാലയിലേക്ക് അതിക്രമിച്ചു കടന്നു വിദ്യാര്‍ഥികളെ ഓരോരുത്തരെയായി പിടികൂടി മര്‍ദിച്ചു. ലൈബ്രറി തകര്‍ത്തു. ജനുവരി അഞ്ചിന് ഒരു പറ്റം ലഹളക്കാര്‍ ജെ.എന്‍.യുവില്‍ പ്രവേശിച്ചു. ഓരോ ഹോസ്റ്റല്‍ മുറിയിലും കയറി വിദ്യാര്‍ഥികളെ അതിഭീകരമായി ആക്രമിച്ചു. എ.ബി.വി.പിക്കാരുടെ അഴിഞ്ഞാട്ടങ്ങള്‍ നോക്കി നില്‍ക്കുകയായിരുന്നു പൊലിസ്. സി.എ.എ വിരുദ്ധ സമരക്കാരുടെ നേരെ ഒരാള്‍ നിറയൊഴിച്ചു. അയാള്‍ക്കെതിരായി യാതൊരു നടപടിയുമില്ല. അക്രമികളാണെന്ന് ഫോട്ടോകളില്‍ നിന്ന് വ്യക്തമായവര്‍ പോലും ഇതേവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. അതായത് ഏതു അക്രമം നടത്തിയാലും തീവ്ര ഹിന്ദു വര്‍ഗീയ വാദികള്‍ക്കെതിരില്‍ നിയമ നടപടികളില്ല എന്നതാണ് അവസ്ഥ. ഇതിന്റെ ബലത്തിലാണ് കലാപകാരികള്‍ അഴിഞ്ഞാടുന്നത്. ഈ സാഹചര്യത്തില്‍ കപില്‍ മിശ്ര എന്ന ബലിയാടിനെ കണ്ടെത്തി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മഹാനായകരെ വെറുതെ വിടുന്നത് ശരിയായ നടപടിയല്ല. കലാപത്തിനു പ്രേരകമായ അന്തരീക്ഷം സൃഷ്ടിച്ചത് മോദിയും അമിത് ഷായുമാണ് എന്ന് തുറന്നു പറയുന്നതില്‍ മാധ്യമങ്ങള്‍ക്ക് എന്തിത്ര മടി?
ഡല്‍ഹി കലാപത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. സംസ്ഥാനം ഭരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണ്. മഹാ ഭൂരിപക്ഷവുമായി ബി.ജെ.പിയെ എ.എ.പി തോല്‍പിച്ച സമയത്ത് അതിനെ മതനിരപേക്ഷതയുടേയും ഫാസിസ വിരുദ്ധ രാഷ്ട്രീയത്തിന്റെയും വിജയമായി ആഘോഷിച്ചവരാണ് നാം. എന്നാല്‍ കെജ്‌രിവാളിനും കൂട്ടര്‍ക്കും ഡല്‍ഹിയില്‍ കലാപം കത്തിയെരിയുമ്പോള്‍ എന്തു ചെയ്യാന്‍ സാധിച്ചു എന്ന് ചിന്തിക്കേണ്ടതുണ്ട്. പൊലിസും കോടതിയുമൊന്നും കെജ്‌രിവാളിന്റെ വരുതിയില്‍ അല്ലെന്നത് ശരി തന്നെ. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര ഭരണകൂടത്തിനു മേല്‍ സമ്മര്‍ദം കൊണ്ടുവരാന്‍ കെജ്‌രിവാള്‍ എന്തു ചെയ്തു? സമാധാനം ആഹ്വാനം ചെയ്തു ട്വീറ്റ് ചെയ്യുന്നതിലും മറ്റും ഒതുങ്ങി അദ്ദേഹത്തിന്റെ നടപടികള്‍. വ്യാപകമായ വിമര്‍ശനത്തെത്തുടര്‍ന്ന് അദ്ദേഹം എം.എല്‍.എമാരെ വിളിച്ചു കൂട്ടുകയും പരുക്കേറ്റവരെ ആശുപത്രിയില്‍ പോയി കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്. പൊലിസിനെ വിമര്‍ശിക്കുന്നുണ്ട് താനും. പക്ഷെ കെജ്‌രിവാളിനെപ്പോലെയുള്ള ഒരു ജനകീയ നേതാവ് ഒരു കൂട്ടം ആളുകള്‍ കൊലക്കത്തിക്കിരയാക്കപ്പെടുന്ന സമയത്ത് രാജ്ഘട്ടില്‍ പൂക്കള്‍ അര്‍പ്പിക്കുകയും സമാധാന പ്രാര്‍ഥന നടത്തുകയും ചെയ്താല്‍ മതിയോ? കെജ്‌രിവാളിന്റെ സമീപനത്തില്‍ ഇരട്ടത്താപ്പ് കാണുന്നുണ്ട് ചിലര്‍. അമാനുല്ലാ ഖാന്‍ സമര രംഗത്തും കെജ്‌രിവാള്‍ സമാധാന പ്രാര്‍ഥനയിലുമായിരിക്കുക എന്നതിലൊരു കൗശലമുണ്ട്.
നാടുകത്തുമ്പോള്‍, നിരപരാധികള്‍ കൊലക്കത്തിക്കിരയാവുമ്പോള്‍, മനുഷ്യര്‍ പരസ്പരം കൊല്ലാന്‍ മുതിരുമ്പോള്‍, അന്തരീക്ഷത്തില്‍ വിഷവിത്തുകള്‍ മുളയ്ക്കുമ്പോള്‍ എന്ത് കൗശലം, എന്ത് രാഷ്ട്രീയ തന്ത്രം. എന്തിന് ഗുഡ് ഗവര്‍ണന്‍സ് പോലും? ഡല്‍ഹിക്ക് ഒരു പാരമ്പര്യമുണ്ട്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്ന് ബ്രിട്ടിഷ്‌കാര്‍ക്കെതിരില്‍ പൊരുതിയപ്പോള്‍ ജാതിയും മതവും പരിഗണിക്കാതെ മുഗള ചക്രവര്‍ത്തിമാരുടെ പരമ്പരയില്‍ പെട്ട ബഹദൂര്‍ഷാ സഫറിനെ രാജസ്ഥാനത്തിരുത്തിയവരാണ് ഡല്‍ഹി നിവാസികള്‍. ഇന്ത്യയുടെ പാരമ്പര്യവും അതാണ്. ഈ പാരമ്പര്യത്തിനു വിള്ളല്‍ വീഴുമ്പോള്‍ വെറുതെ സമാധാന ഗീതങ്ങള്‍ പാടിയാല്‍ മതിയോ? ട്വീറ്റ് ചെയ്താല്‍ മതിയോ ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."