ഡല്‍ഹിയില്‍ അക്രമം തടയാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍ തടയാനും കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഡല്‍ഹിയില്‍ ജീവിക്കുന്ന സാധാരണ ജനങ്ങള്‍ ഭീതിയിലാണ്. ജീവനും സ്വത്തിനും സുരക്ഷ നഷ്ടപ്പെടുന്നു എന്ന ആശങ്ക അനേകം മലയാളികള്‍ അറിയിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ തീവ്രതയാണ് അതു തെളിയിക്കുന്നത്. ഊഹാപോഹങ്ങളുടെയും വെറുപ്പിന്റെയും പ്രചാരണം നടക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെടുന്നു. മരണസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുന്നു.
വിദ്വേഷപ്രസംഗം നടത്തി കലാപത്തിനു തീകൊളുത്തിയ ബി.ജെ.പി നേതാവ് ഇപ്പോഴും സ്വതന്ത്രനാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്നു. മതഭ്രാന്തുമായി സ്വകാര്യ സേനകളും കലാപത്തില്‍ പങ്കാളിത്തം വഹിക്കുന്നു എന്ന വിവരം നിയമവാഴ്ചയുടെ ഗുരുതരമായ തകര്‍ച്ചയെ സൂചിപ്പിക്കുന്നു. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മടിച്ചുനില്‍ക്കരുത്. അക്രമങ്ങള്‍ പടരാതിരിക്കാന്‍ പൊലിസ് സംവിധാനത്തെ ഫലപ്രദമായും സംശയരഹിതമായും നിയോഗിക്കണം.വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ക്കെതിരേ ജാഗ്രതയോടെ ഇടപെടാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഡല്‍ഹിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."