കിടപ്പുരോഗിക്ക് പരിചരണവും സാന്ത്വനവുമായി ജനമൈത്രി പൊലിസ്
വെഞ്ഞാറമൂട്: കിടപ്പുരോഗിക്ക് സാന്ത്വനവും പരിചരണവും ആശുപത്രി ചികിത്സക്ക് സൗകര്യവുമൊരുക്കി ജനമൈത്രി പൊലിസ്. നെല്ലനാട് പന്തപ്ലാവിക്കോണം ഷീജാ മന്ദിരത്തില്‍ ഓമന (60) ക്കാണ് വെഞ്ഞാറമൂട് ജനമൈത്രി പൊലിസിന്റെ ഇടപെടല്‍ ആശ്വാസമായത്.
ഇവരും 40 വയസ് പ്രായമുള്ള മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ പെരുമാറ്റത്തില്‍ തൃപ്തരല്ലാത്ത ബന്ധുക്കള്‍ സഹകരിക്കാനും തയാറായിരുന്നില്ല. ഇങ്ങനെ ഒറ്റപ്പെട്ട് ജീവിക്കുന്നതിനിടെ കുറച്ചുകാലം മുന്‍പ് കാലില്‍ വ്രണമുണ്ടായെങ്കിലും ചികിത്സ തേടാത്തതിനാല്‍ നീരു വന്ന് വീര്‍ത്ത് പൊട്ടുകയും പുഴുവരിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തതു കാരണം പുറത്തിറങ്ങാതെ വീട്ടില്‍ത്തന്നെ വാതിലും പൂട്ടി കഴിയുകയായിരുന്നു.
ഇക്കാര്യം നാട്ടുകാര്‍ വെഞ്ഞാറമൂട് പൊലിസില്‍ അറിയിക്കുകയും അവര്‍ പുല്ലമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ വിഭാഗവുമൊന്നിച്ച് വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍ വാതില്‍ തുറക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ പൊലിസ് ബലം പ്രയോഗിച്ച് തുറക്കുകയും നാട്ടുകാരുടെ സഹായത്തോടെ വ്രണങ്ങള്‍ വൃത്തിയാക്കി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. വിജയന്‍, എ.എസ്.ഐ സുദര്‍ശനന്‍, ജനമൈത്രി പൊലിസ് കോഡിനേറ്റര്‍ ഷെരീര്‍ വെഞ്ഞാറമൂട്, പഞ്ചായത്തംഗം പ്രീതാ മനോജ്, സിവില്‍ പൊലിസ് ഓഫിസര്‍ മഹേഷ്, ആശാ വര്‍ക്കര്‍മാരായ ലതിക, മോളി, പാലിയേറ്റീവ് കെയര്‍ വിഭാഗത്തിലെ സലീന, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ഓമനയെ പരിചരിക്കുന്നതിനും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും മുന്നില്‍നിന്നു പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."