ജയിലില്‍ സുരക്ഷാ വീഴ്ച, കൂടത്തായി കേസിലെ പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ജോളിയുടെ ആത്മഹത്യാശ്രമം.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതകപരമ്പര. സയനൈയ്ഡ് ഉപയോഗിച്ച് 17 വര്‍ഷങ്ങള്‍ക്കിടെ ആറ് കൊലപാതകങ്ങളാണ് ഇവര്‍ നടത്തിയത്. ബ്ലയ്ഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മറ്റ് ജയില്‍പ്പുള്ളികളാണ് വിവരം അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ബ്ലയ്ഡ് ലഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ലഭിച്ചതായാണ് കരുതുന്നത്. രക്തം വാര്‍ന്നുപോയിട്ടുണ്ടെങ്കിലും പരുക്ക് ഗുരുതരമല്ല. അതേസമയം ജോളി സ്വയം കൈയ്യില്‍ കടിച്ച് മുറിവേല്‍പ്പിച്ചതാണെന്നും ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്നുമാണ് കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."