മണ്‍വിള ഫാമിലി പ്ലാസ്റ്റിക് തീപിടിത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പിയുടെ ഉത്തരവ്
കഴക്കൂട്ടം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച മണ്‍വിള ഫാമിലി പ്ലാസ്റ്റിക് തീപിടിത്തം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. കഴക്കൂട്ടം പൊലിസ് അന്വേഷണം നടത്തിയ കേസ് കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഡി.ജി.പി ഉത്തരവിട്ടത്.
തിരുവനന്തപുരം ജവഹര്‍ നഗര്‍ യൂനിറ്റിലെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുഗതനാണ് അന്വേഷണ ചുമതല. നേരത്തെ കഴക്കൂട്ടം പൊലിസിന്റെ അന്വേഷണത്തില്‍ ഫാക്ടറിയില്‍ തീയിട്ടതുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ ജീവനക്കാരായ പെരുങ്ങുഴി മുട്ടപ്പലം ചിലക്കൂര്‍ വീട്ടില്‍ വിമല്‍ എം. നായര്‍ (21), കഴക്കൂട്ടം കാര്യവട്ടം സരസ്വതി ഭവനില്‍ ബിനു (36) എന്നിവരെ അറസ്റ്റ് ചെയ്യ്തിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് രണ്ടുപേരും ജാമ്യത്തിലിറങ്ങിയത്. കേസന്വേഷണം അവസാനിച്ച് അടുത്ത മാസം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കേയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേരത്തെ തന്നെ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഫാക്ടറിയിലെ സി.സി.ടി.വി കാമറയില്‍നിന്നു ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തത്. തീ പടര്‍ന്ന് കയറിയ ബില്‍ഡിങ്ങിനകത്ത് ഇവര്‍ കയറി പോയതൊഴിച്ചാല്‍ തീ കത്തിച്ചതിന്റെ യാതൊരു വിധ തെളിവുകളും പൊലിസിന് ലഭിച്ചില്ലെന്ന ബന്ധുക്കളുടെ ആരോപണവും ഉയര്‍ന്നിരുന്നു.
പിടിയിലായ പ്രതികളില്‍ ഒരാള്‍ ബുദ്ധി വൈകല്യമുള്ളയാളും മറ്റൊരാള്‍ 21 വയസുകാരനുമായിരുന്നു. പ്രതികളെ പൊലിസ് പിടികൂടി കഴക്കൂട്ടം പൊലിസ് സ്റ്റേഷനിലെത്തിച്ച സമയം മുതല്‍ പ്രതികളുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതികള്‍ നിരപരാധികളാണെന്ന് നിരന്തരം പറഞ്ഞിരുന്നു. അതേപോലെ പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗവും പൊലിസിന്റെ അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കേസ് അന്വേഷണത്തെ ചോദ്യം ചെയ്ത് അന്വേഷണം വേറേ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ഡി.ജി.പിക്കും മറ്റും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി കൊണ്ടു പൊലിസ് മേധാവി ഉത്തരവിറക്കിയിരിക്കുന്നത്.
2018 ഒക്ടോബര്‍ 31ന് വൈകിട്ട് ആറോടെയാണ് 100 കണക്കിന് ജീവനക്കാര്‍ പണിയെടുക്കുന്ന ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീ പടര്‍ന്നത്. 15 മണിക്കൂര്‍ കത്തിജ്വാലിച്ച തീയില്‍ 40 കോടിയോളം രൂപയുടെ നാശനഷ്ടമാണ് പൊലിസ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."