വരള്‍ച്ച: സൊമാലിയയില്‍ കൊടും പട്ടിണി; രണ്ടു ദിവസത്തിനിടെ 110 മരണം
മൊഗാദീഷു: സൊമാലിയയില്‍ കൊടും പട്ടിണിയും രോഗവും മൂലം രണ്ടു ദിവസത്തിനകം 110 പേര്‍ മരിച്ചു. പട്ടിണി മരണം സംബന്ധിച്ച് പ്രധാനമന്ത്രി ഹസന്‍ അലി ഖൈര്‍ പുറത്തു വിട്ട കണക്കാണിത്. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ തീരപ്രദേശത്തെ മാത്രം കണക്കാണിത്. മരണ നിരക്ക് ഇനിയും കൂടാനാണ് സാധ്യത.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ശുദ്ധജലത്തിന്റെ ആഭാവം മൂലം രാജ്യത്ത് കോളറയും പടരുകയാണ്. ഓഡിന്‍ലെ നഗരത്തില്‍ മാത്രം നിരവധിയാളുകളാണ് കോളറ മൂലം മരിച്ചത്. വരള്‍ച്ച മൂലം കന്നുകാലികളും ചത്തൊടുങ്ങിയിട്ടുണ്ട്. ബെയ്‌ടോ പട്ടണത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മതിയായ ചികിത്സയുടെ അപര്യാപ്തതയും മരണനിരക്ക് കൂടാന്‍ കാരണമാവുന്നു. കോളറ കൂടാതെ ഡയേറിയ, മീസില്‍സ് എന്നീ രോഗങ്ങളും വ്യാപകമാണ്.
കഴിഞ്ഞ ദിവസം പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി വരള്‍ച്ചയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ മനുഷ്യത്വപരമായ ഇടപെടലുകള്‍ അടിയന്തരമായി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സൊമാലിയന്‍ സമൂഹത്തെയും കുടുംബങ്ങളെയും ഈ പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടുവാന്‍ സഹായിക്കണമെന്നും പ്രസിഡന്റ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചിരുന്നു.
25 വര്‍ഷത്തിനിടയിലെ വലിയ മൂന്നാമത്തെ വരള്‍ച്ചയാണ് സൊമാലിയ നേരിടുന്നത്. 30 ലക്ഷത്തിലധികം ആളുകളാണ് സൊമാലിയയില്‍ വരള്‍ച്ച മൂലമുള്ള ദുരിതം അനുഭവിക്കുന്നത്.
2011ല്‍ മാത്രം രണ്ടര ലക്ഷത്തിലധികം ആളുകളാണ് ഇവിടെ പട്ടിണി മൂലം മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."