HOME
DETAILS
MAL
ഓര്‍മ വേണം; ലോകം കാണുന്നുണ്ട്...
backup
February 27 2020 | 03:02 AM
വിയന്ന: ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ അനുവദിക്കണമെന്നും സമാധാനം തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച് ബോധവാന്മാരാണെന്ന് യു.എസ് മതസ്വാതന്ത്ര്യ കമ്മിഷന്‍ പ്രതികരിച്ചു.
അതേസമയം, ഡല്‍ഹിയിലെ സര്‍ക്കാര്‍ പിന്തുണയില്‍ നടക്കുന്ന ഏകപക്ഷീയ കലാപത്തിനെതിരേ കടുത്ത വിമര്‍ശനവുമായി യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. സമാധാനപരമായ പ്രതിഷേധത്തിനെതിരായ അക്രമം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നു ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള എലിസബത്ത് വാറന്‍ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന മുസ്‌ലിം വിരുദ്ധ കലാപത്തിനെതിരേ നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നു ട്രംപിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ച് ശ്രദ്ധേയയായ റാഷിദ ത്വാലിബ് പ്രതികരിച്ചു. ഈയാഴ്ച ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചു. എന്നാല്‍, മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വര്‍ഗീയ അക്രമമാണ് ഡല്‍ഹിയിലിപ്പോള്‍ നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മത അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം ഞെട്ടിപ്പിക്കുന്നതാണെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം പ്രമീള ജയപാലന്‍ പറഞ്ഞു. ലോകം ഇതു കാണുന്നുവെന്നു സര്‍ക്കാര്‍ ഓര്‍ക്കണമെന്നും അവര്‍ ട്വീറ്റ് ചെയ്തു. നേരത്തെ കശ്മിരിലെ വാര്‍ത്താവിനിമയ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രമീള കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ നിഷേധത്തിനെതിരേ ശബ്ദമുയരണമെന്നു മറ്റൊരു കോണ്‍ഗ്രസ് അംഗമായ അലന്‍ ലോവന്‍തല്‍ പ്രതികരിച്ചു. വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള പ്രമുഖ യു.എസ് മാധ്യമങ്ങളും ഡല്‍ഹി കലാപത്തിനെതിരേ ശക്തമായി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."