ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മോദി മുന്‍ പ്രധാനമന്ത്രിയാകും: മുകള്‍ വാസ്നിക്
കൊല്ലം: മേയ് മാസം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ നരേന്ദ്രമോദി ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിത്തീരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊല്ലത്ത് ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മണ്ഡലം പ്രസിഡന്റുമാരുടെയും ശക്തി പ്രോജക്റ്റ് ഭാരവാഹികളുടെയും നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരളത്തിന്റെ ചുമതലയുള്ള അദ്ദേഹം.
ഈയിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം മധ്യപ്രദേശിലും ചത്തീസ്ഗഡിലും സര്‍ക്കാറുകള്‍ രൂപവല്‍ക്കരിക്കാനും കോണ്‍ഗ്രസിന് സാധിച്ചു. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ നരേന്ദ്രമോദി എല്ലാ രീതിയിലും ശ്രമിച്ചു. പക്ഷേ അത് ഫലം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. ഭരണം അവസാനിപ്പിക്കേണ്ടത് നാടിന്റെ ജനാധിപത്യത്തിനും സ്വസ്ഥതയ്ക്കും ആവശ്യമാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ്. ബി.ജെ.പിയും സി.പി.എമ്മും നടത്തിവരുന്ന അക്രമങ്ങള്‍ക്ക് നീതീകരണമില്ല. അക്രമങ്ങളില്‍ നിന്ന് ഇരുവിഭാഗങ്ങളും വിട്ടുനില്‍ക്കണമെന്നും തകര്‍ന്ന കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ മറ്റെല്ലാം മാറ്റിവെച്ച് ഇടപെടണം.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ കോണ്‍ഗ്രസ് ബൂത്ത്തല പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സാധാരണക്കാരുമായി സംസാരിക്കുന്നതിന് അവസരമൊരുക്കുന്ന ശക്തി പ്രൊജക്ടില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗങ്ങള്‍ ആകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുന്‍ പ്രസിഡന്റ് സി.വി. പത്മരാജന്, കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്, കൊല്ലം ലോക്സഭയുടെ കെ.പി.സി.സി ചുമതല വഹിക്കുന്ന പാലോട് രവി, മാവേലിക്കര ലോക്സഭയുടെ ചുമതല വഹിക്കുന്ന എ.എ. ഷുക്കൂര്‍, രാജ്മോഹന്‍ ഉണ്ണിത്താന്, ടി. ശരത് ചന്ദ്രപ്രസാദ്, മുന്‍ എം.എല്‍.എമാരായ ജി. പ്രതാപവര്‍മ്മ തമ്പാന്, പുനലൂര്‍ മധു, എഴുകോണ്‍ നാരായണന്, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. എ. ഷാനവാസ്ഖാന്, ജി. രതികുമാര്‍, എം.എം. നസീര്‍, ചാമക്കാല ജ്യോതികുമാര്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, കെ.പി. ശ്രീകുമാര്‍, മണക്കാട് സുരേഷ്, ശക്തി ദേശീയ കോ ഓര്‍ഡിനേറ്റര്‍ സ്വപ്ന പാട്രിയോണിസ്, നേതാക്കളായ ഇ. മേരിദാസന്‍, കല്ലട രമേശ്, കോയിവിള രാമചന്ദ്രന്, ജമീല ഇബ്രാഹീം, കെ. സുരേഷ് ബാബു, സൈമണ്‍ അലക്സ്, സവിന്‍ സത്യന്, കെ കൃഷ്ണന്‍കുട്ടി നായര്‍, എസ്. വിപിനചന്ദ്രന്‍, സൂരജ് രവി, കെ.ജി. രവി, ഡി. ചന്ദ്രബോസ്, ബിന്ദു ജയന്, അഡ്വ. യു. വഹീദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."