ബഹ്റൈനിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ 'നാനാത്വത്തില്‍ ഏകത്വം' ഡോ. എം.കെ മുനീറുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈനിലെ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ 'നാനാത്വത്തില്‍ ഏകത്വം' പ്രവര്‍ത്തകര്‍ ബഹ്റൈനിലെത്തിയ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറുമായി കൂടിക്കാഴ്ച നടത്തി. ഭരണഘടനയെ മുന്‍ നിര്‍ത്തി രാജ്യം ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയുടെ അന്ത:സത്ത തകര്‍ക്കുന്ന നിലപാടിനോട് രാജ്യസ്‌നേഹികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നതിന് തെളിവാണ് നാനാത്വത്തില്‍ ഏകത്വം പോലുള്ള കൂട്ടായ്മയെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്‌റൈനിലെ മലയാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് നാനാത്വത്തില്‍ ഏകത്വം. മതം, ജാതി, നിറം, ഭാഷ എന്നിങ്ങനെ മനുഷ്യര്‍ക്കിടയിലുള്ള വ്യത്യാസങ്ങള്‍ പരസ്പരം പോരിന് ആധാരമായി മാറുന്ന കാലത്ത് ഒന്നിച്ച് നില്‍ക്കാന്‍ പ്രേരണയായി മാറുകയെന്നതാണ് കൂട്ടായ്മയുടെ രൂപീകരണ ലക്ഷ്യം. ജനാധിപത്യവിരുദ്ധമായ നിലപാടുകളെ നിശിതമായി വിമര്‍ശിക്കുകയും അതുവഴി മതേതര രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് നാനാത്വത്തില്‍ ഏകത്വം പ്രവര്‍ത്തകര്‍ പറയുന്നു.
നേരത്തെ ഇന്ത്യയില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്ക് നാനത്വത്തില്‍ ഏകത്വം കൂട്ടായ്മ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചിരുന്നു. ബഹ്‌റൈനിലെ സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ളവര്‍ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി കൂട്ടായ്മ വികസിപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം. മനുഷ്യനെന്ന നിലയില്‍ ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകള്‍ മാറ്റി നിര്‍ത്തി, ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."