ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്, കൃഷ്ണബിംബങ്ങളെ അപമാനിക്കുന്ന കൃതിയെന്ന് സംഘ് പരിവാര്‍, അവാര്‍ഡ് നല്‍കരുത്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദിയും
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മയ്ക്ക് നല്‍കിയതിനെതിരെ സംഘ്പരിപാര്‍ സംഘടനയായ തപസ്യയിലെ പൊട്ടിത്തെറിക്കുപിന്നാലെ ഹിന്ദു ഐക്യവേദിയും പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രഭാവര്‍മയ്ക്ക് ഈ പുരസ്‌കാരം നല്‍കുന്നതില്‍ നിന്ന് ദേവസ്വംബോര്‍ഡ് പിന്‍മാറാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ മുന്നറിയിപ്പ്.
ജ്ഞാനപ്പാനയുടെ പേരില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൃഷ്ണബിംബങ്ങളെ അപമാനിക്കുന്ന പ്രഭാവര്‍മയുടെ ശ്യാമമാധവം എന്ന കൃതിക്ക് നല്‍കിയത് പൂന്താനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു തപസ്യയുടെ പ്രസ്താവന. അതുതന്നെയാണ് ഹിന്ദു ഐക്യവേദിയും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ശ്യാമമാധവം മുഴുവന്‍ വായിച്ചിട്ടും അതില്‍ കൃഷ്ണനിന്ദ കാണാന്‍ ആയില്ലെന്നും കൃഷ്ണനെ കൂടുതല്‍ സ്നേഹിക്കാന്‍ ആണ് തോന്നിയതെന്നുമാണ് ദേവസ്വംബോര്‍ഡിന്റെ വിശദീകരണം. മാത്രവുമല്ല നേരത്തെ കേന്ദ്രസാഹിത്യ പുരസ്‌കാരം ലഭിച്ച കൃതിയാണ് ശ്യാമമാധവം. അതുകൊണ്ടുതന്നെ കൃതിയെ ചെറുതായി കാണാനാവില്ലെന്നും ദേവസ്വംബോര്‍ഡ് വ്യക്തമാക്കുന്നു.
കവിതയെ കവിതയായി കണ്ടു വായിക്കുക. ബോധപൂര്‍വം സംസ്‌കാരനിന്ദ നടത്തുന്ന കൃതികള്‍ എതിര്‍ക്കപ്പെടണം. പക്ഷെ ശ്യാമമാധവം ആ ഗണത്തില്‍ ഉളള കൃതി അല്ല. ആത്മസംഘര്‍ഷം നിറഞ്ഞ കൃഷ്ണഹൃദയം ആവിഷ്‌കരിക്കുന്നതില്‍ തെറ്റില്ല. ചിന്താവിഷ്ടയായ സീത രാമ നിന്ദ എന്ന് പറയും പോലെ ബാലിശമാണ് ശ്യാമമാധവം കൃഷ്ണനിന്ദ എന്ന ചിന്തയുമെന്നുമാണ് ഇതു സംബന്ധിച്ച വിവാദത്തില്‍ ചിലരുടെ ഫേസ് ബുക്ക് കമന്റുകള്‍.
നേരത്തെ ഈ കവിത തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവരുമ്പോള്‍ തന്നെ സംഘ് പരിവാര്‍ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് ഇടക്കുവെച്ചു പ്രസിദ്ധീകരണം നിര്‍ത്തുകയായിരുന്നു.
പൂന്താനത്തിന്റെ പേരിലുള്ള സാഹിത്യോത്സവംപോലും സംഘ്പരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് പൂന്താനം ഇല്ലത്തോ പരിസരത്തോ ഇപ്പോള്‍ നടത്താറില്ല. ഇതേ വികാരം തന്നെയാണ് അവാര്‍ഡിനെതിരെയും ഉയരുന്നതെന്നാണ് ഇപ്പോഴുയരുന്ന വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."