ജനങ്ങളുടെ സമയോചിത ഇടപെടല്‍ വന്‍ തീപ്പിടിത്തം ഒഴിവായി
മുണ്ടക്കയം: നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം വേലനിലത്ത് വന്‍ തീപ്പിടിത്തം ഒഴിവായി. കഴിഞ്ഞ ദിവസം വേലനിലം പതിമൂന്നേക്കര്‍ ഭാഗത്താണ് പതിനൊന്ന് കെ.വി ലൈനില്‍ നിന്നു തീപ്പൊരി വീണ് റബര്‍ തോട്ടത്തിന് തീപ്പിടിച്ചത്.
പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. കാടുകള്‍ കത്തിയമരുന്ന ശബ്ദം കേട്ട് പ്രദേശവാസികളിലൊരാള്‍ ഉറക്കമുണര്‍ന്നതോടെയാണ് തീപ്പിടിത്തം അറിയുന്നത്. തുടര്‍ന്ന് പ്രദേശവാസികളെ വിളിച്ചുണര്‍ത്തി ഫയര്‍ ലൈന്‍ തീര്‍ത്ത് തീ വ്യാപിക്കുന്നത് തടയുകയായിരുന്നു.
തീയണയ്ക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഫയര്‍ഫോഴ്‌സിന് എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത ഇവിടെ നൂറുകണക്കിന് ഏക്കര്‍ റബര്‍തോട്ടം കത്തി നശിക്കുമായിരുന്നു.
വേലനിലത്തു നിന്നു പറത്താനത്തേക്ക് പോവുന്ന പതിനൊന്ന് കെ.വി ലൈനിന്റെ ക്രോസ്സ് ബാറുകളിലൊന്നിന്റെ ഒരു വശം ഒടിഞ്ഞു തൂങ്ങിയതോടെയാണ് തീപ്പൊരി ചിതറിയത്. ഈ ലൈന്‍ ഇപ്പോഴും അപകടകരമായി സമീപത്തെ മരങ്ങളില്‍ മുട്ടിയാണ് കിടക്കുന്നത്. മഴ പെയ്യുമ്പോള്‍ വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യതയും ഉണ്ട്. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈല്‍ സ്വദേശിയുടേതാണ് തീപ്പിടിത്തമുണ്ടായ റബര്‍ തോട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."