സി.പി.എം-ബി.ജെ.പി സംഘര്‍ഷം പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതം
കൂത്തുപറമ്പ്: പിണറായിക്കടുത്ത് ആലക്കണ്ടി ബസാറില്‍ കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികള്‍ക്കായുള്ള പൊലിസന്വേഷണം ഊര്‍ജിതം. ഇരുവിഭാഗത്തിലും പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ രണ്ടു കേസുകളാണ് പിണറായി പൊലിസ് രജിസ്റ്റര്‍ ചെയ്തത്. സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരായ വി. പ്രശാന്ത്(43), സി. രാജേഷ് (39) എന്നിവരെ പിണറായി അഡീഷണല്‍ എസ്.ഐ വിനോദ് കുമാര്‍ ഇന്നലെ അറസ്റ്റു ചെയ്തു. സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് അക്രമം നടത്തിയതിന് എക്സ്പ്ലോസീവ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലുമായി മുപ്പതിലേറെ പേര് പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. ആലക്കണ്ടി ബസാറിനടുത്ത് അമ്പാടി മുക്കിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലിസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തി. അതേസമയം അക്രമ സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ എ.സി അതുല്‍ (19), കെ. റനില്‍ (18) എന്നിവരെ തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."