HOME
DETAILS
MAL
മുസ്ലിം വിരുദ്ധ കലാപം; ഇരകള്‍ക്ക് ആശ്വാസമേകി മുസ്ലിംലീഗ് നേതാക്കള്‍ ഡല്‍ഹിയില്‍
backup
February 27 2020 | 16:02 PM
ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീകരവാദികള്‍ അഴിഞ്ഞാടിയ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലിം ജനതയ്ക്ക് ആശ്വസമേകി മുസ്ലിംലീഗ് നേതൃതല സംഘം ഡല്‍ഹിയില്‍. ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തിലുള്ള ലീഗ് നേതൃതല സംഘമാണ് ഡല്‍ഹിയിലെത്തിയത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലുള്ള ഗുരു തേഗ് ബഹാദൂര്‍ ആശുപത്രിയിലെത്തിയ സംഘം ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റവരേയും ഇവിടെയാണ് ചികില്‍സക്കായി പ്രവേശിപ്പിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ഉടന്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കണമെന്ന് നേതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ആകെ മുപ്പത്തി രണ്ട് മൃതദേഹങ്ങളാണ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളതെന്നും ഇതില്‍ ആറ് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും അധികൃതര്‍ നേതാക്കളെ അറിയിച്ചു. പോലീസ് ഇന്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതാണ് കാലതാമസത്തിന് വഴിവെക്കുന്നത്. ഡല്‍ഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതവുമായും നേതാക്കള്‍ ആശുപത്രിയില്‍ വച്ച് ചര്‍ച്ച നടത്തി.
കലാപത്തിനിരയായവരുടെ പുനരധിവാസത്തിന് ആവുന്നതൊക്കെ ചെയ്യുമെന്ന് മന്ത്രി ലീഗ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇരകള്‍ക്ക് മുസ്ലിംലീഗ് എല്ലാ അര്‍ത്ഥത്തിലും സമാശ്വാസമേകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വൈകിട്ട് അഞ്ചരയോടെ സോണിയാ ഗാന്ധിയുടെ ജന്‍പഥിലുള്ള വസതിയിലെത്തിയ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി ദീര്‍ഘനേരം കൂടിക്കാഴ്ച്ച നടത്തി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പിവി അബ്ദുള്‍ വഹാബ്, നവാസ് ഗനി എംപി, ഡോ.എംകെ മുനീര്‍, കെപിഎ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വര്‍അലി ശിഹാബ് തങ്ങള്‍, ഖുറം അനീസ് ഉമര്‍ തുടങ്ങിയ നേതാക്കളാണ് സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിച്ച് ചേര്‍ത്ത് സംഘപരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ചുള്ള ജനാധിപത്യ പ്രതിരോധം തീര്‍ക്കണമെന്ന് ലീഗ് നേതാക്കള്‍് സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. നേരത്തെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്താന്‍ എംപിമാരടക്കമുള്ള സംഘം ശ്രമിച്ചെങ്കിലും ഉത്തരാവാദിത്തപ്പെട്ടവരാരും തന്നെ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. മുസ്ലിംയൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാര്‍, സെക്രട്ടറി സികെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എംഎസ്എഫ് നേതാക്കളായ അഹമദ് സാജു, അതീബ് ഖാന്‍, നദ്‌വി അയ്യായ തുടങ്ങിയവരും ലീഗ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."