ബാബരി കേസ്: ഭരണഘടനാ ബെഞ്ച് 29 നു പരിഗണിക്കും
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശ കേസ് പരിഗണിക്കാനായി അഞ്ചം ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാവും കേസ് കേള്‍ക്കുക. ഈ മാസം 29ന് അഞ്ചംഗബെഞ്ച് കേസ് പരിഗണിക്കും.
അന്തിമവാദം കേള്‍ക്കുന്ന തിയ്യതിയും അതിന്റെ സമയക്രമവുമാകും 29നു തീരുമാനിക്കുക. ഈ മാസം പത്തിനാണ് ഇതിനു മുന്‍പ് കേസ് പരിഗണിച്ചത്.
അന്ന് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മുതിര്‍ന്ന ജഡ്ജി യു.യു ലളിത് പിന്മാറുകയായിരുന്നു. ഇതിനു പുറമെ അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് രമണയെ കൂടി മാറ്റിയാണ് അബ്ദുല്നസീറിനെയും അശോക് ഭൂഷണെയും ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010ലെ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 14 ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്. ഇന്ത്യയില്‍ വന്‍ രാഷ്ട്രീയദ്രുവീകരണത്തിന് ഇടയാക്കിയ അതിവൈകാരികത നിറഞ്ഞ ഈ കേസ് ഭൂമിതര്‍ക്കം മാത്രമായിട്ടേ പരിഗണിക്കൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."