HOME
DETAILS
MAL
കുനാല്‍ കംറയ്ക്ക് വിലക്ക്: കമ്പനികള്‍ ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കും
backup
February 28 2020 | 04:02 AM
ന്യൂഡല്‍ഹി: പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കംറയ്ക്കു യാത്രാവിലക്കേര്‍പ്പെടുത്തിയ വിമാനക്കമ്പനികളുടെ നടപടിയില്‍ ചട്ടങ്ങള്‍ ലംഘച്ചോയെന്ന് അന്വേഷിക്കുമെന്നു സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍. തനിക്കു യാത്രാ വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കംറ തന്നെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു വ്യോമയാന ഡയരക്ടറുടെ ഉറപ്പ്.
ഹരജി പരിഗണിച്ച ജസ്റ്റിസ് നവീന്‍ ചൗള വിഷയത്തില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഏവിയേഷന്‍ ഡയരക്ടറോട് ആവശ്യപ്പെട്ടു. വ്യോമയാന ചട്ടങ്ങള്‍ക്കു വിരുദ്ധമായി യാതൊരു പരാതിയും സ്വീകരിക്കാതെയാണ് തനിക്കെതിരേ വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും പരാതിയുണ്ടെങ്കില്‍ പൈലറ്റായിരുന്നു വിഷയം ഉന്നയിക്കേണ്ടിയിരുന്നതെന്നും കംറ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, കംറയ്ക്കു വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി കംറ സഞ്ചരിച്ച വിമാനത്തിലെ പൈലറ്റ് രംഗത്തെത്തിയിരുന്നു. തന്നോട് ആലോചിക്കാതെയാണ് വിമാനക്കമ്പനയിടെ നടപടിയെന്നായിരുന്നു പൈലറ്റിന്റെ വാദം. വിമാനത്തില്‍ യാത്രക്കാര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ നടപടിയെടുക്കണമെങ്കില്‍ ബന്ധപ്പെട്ട വിമാന ഏജന്‍സി ഇന്റേണല്‍ കമ്മിറ്റിയെ നിയോഗിച്ച് വിഷയം അന്വേഷിക്കണമെന്നാണ് ചട്ടം. ഇതും കംറയുടെ വിഷയത്തില്‍ പാലിക്കപ്പെട്ടിട്ടില്ല.
മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ ശങ്കരനാരായണന്, ഉജ്ജ്വല്‍ ശര്‍മ എന്നിവരാണ് കുനാല്‍ കംറയ്ക്കുവേണ്ടി ഹാജരായത്. ഇതിനിടെ, കുനാല്‍ കംറയുടെ വിലക്ക് ആറു മാസത്തില്‍നിന്ന് മൂന്നു മാസമായി കുറച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ അധികൃതര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍, ഇന്‍ഡിഗോയുടെ മുന്നുമാസ വിലക്കിനെയും മറ്റു വിമാനക്കമ്പനികളുടെ അനിശ്ചിതകാല ഉപരോധത്തെയും കംറയ്ക്ക് കോടതിയില്‍ ചോദ്യം ചെയ്യാമെന്ന് ജഡ്ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."