ഹീര തട്ടിപ്പുകേസ്: സംസ്ഥാനത്തെ അന്വേഷണത്തില്‍ തീരുമാനമായില്ല
കോഴിക്കോട്: പലിശ രഹിത ബിസിനസിന്റെ മറവില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ഹീര ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ നൗഹീറാ ഷെയ്ഖ് 300 കോടി തട്ടിയെങ്കിലും കേസ് ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നുപോലും തീരുമാനമെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ നൗഹീറ നടത്തിയ തട്ടിപ്പ് സംബന്ധിച്ചുള്ള അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഇതുസംബന്ധിച്ചുള്ള പരാതി മാസങ്ങളായി ചെമ്മങ്ങാട് പൊലിസിന് ലഭിച്ചിട്ടും കാര്യമായ നടപടികളെടുത്തിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കിടക്കുന്ന തട്ടിപ്പ് കേസായതിനാല്‍ ക്രൈംബ്രാഞ്ചോ മറ്റ് ഏജന്‍സിയോ അന്വേഷിക്കണമെന്ന അഭിപ്രായമാണ് ലോക്കല്‍ പൊലിസിനുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെമ്മങ്ങാട് പൊലിസ് കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് കമ്മിഷണര്‍ തിരുവനന്തപുരത്തേക്ക് അയച്ചുവെങ്കിലും പൊലിസ് ആസ്ഥാനത്തുനിന്നും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. പൊലിസിന്റെ അലംഭാവം മുതലെടുത്ത് നൗഹീറ ഹൈക്കോടതിയില്‍നിന്നും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. ഈ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരകളില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം പരാതി ലഭിച്ചയുടന്‍ മുംബൈ പൊലിസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 3,000 പേജ് വരുന്ന കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുംബൈ നഗരത്തിലെ 250 പേരില്‍നിന്നും ലഭിച്ച പരാതിയുടെ അടസ്ഥാനത്തില്‍മാത്രം തയാറാക്കിയ കുറ്റപത്രമാണിത്. 18 കോടി രൂപയാണ് ഇവിടെനിന്നും നൗഹീറ തട്ടിയെടുത്തത്. മുംബൈ പൊലിസ് ജോയിന്റ് കമ്മിഷണര്‍ വിനയ്കമാര്‍ ചൗധരിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമായിരുന്നു അന്വേഷണം നടത്തിയത്.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 17നാണ് നൗഹീറ ഷെയ്ഖിനെ ഹൈദരാബാദ് പൊലിസ് അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെയാണ് ഹീര ഗ്രൂപ്പ് രാജ്യവ്യാപകമായി നടത്തിയ തട്ടിപ്പ് പുറത്തുവരുന്നത്. ഇതിനെ തുടര്‍ന്ന് ഹീര ഗ്രൂപ്പിന്റെ രാജ്യത്തൊട്ടാകെയുള്ള 160 ഓളം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് പ്രത്യേക സംഘം പണമിടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇപ്പോള്‍ ഹൈദരാബാദ് പൊലിസിന്റെ കസ്റ്റഡിയിലാണ് നൗഹീറയുള്ളത്.
മതവിശ്വാസം ചൂഷണം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പിനെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവര്‍ രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവര്‍ കോഴിക്കോട് യോഗം ചേര്‍ന്ന് സമഗ്ര ആന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമഗ്ര അന്വേഷണമില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങാനും ഒരുങ്ങുകയാണ് തട്ടിപ്പിന് ഇരയായവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."