ജൈവപച്ചക്കറികൃഷി സംസ്‌കാരത്തിനായി സര്‍ക്കാര്‍ ഓഫിസുകളും യത്‌നിക്കണം: മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകളുടെ പരിസരങ്ങളില്‍ ലഭ്യമായ സ്ഥലത്ത് പച്ചക്കറിക്കൃഷി നടത്തുന്നത് ഈ ദിശയില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കരുത്തു പകരും. ജനങ്ങള്‍ക്ക് മാതൃകയാകാനും ഇതിലൂടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആദ്യത്തെ ഹരിത പോലീസ് സ്റ്റേഷനായ മുളവുകാട്, സ്റ്റേഷന്‍ വളപ്പില്‍ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നല്ല മണ്ണിനും വെള്ളത്തിനും മാലിന്യനിര്‍മാര്‍ജ്ജനത്തിനുമായി സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിതകേരളം മിഷന്‍ മികച്ച ഫലങ്ങളാണുളവാക്കുന്നത്. ജൈവപച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിച്ചതിലൂടെ കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്തിനാവശ്യമായ പച്ചക്കറിയില്‍ നല്ലൊരു ഭാഗം ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചാല്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."