HOME
DETAILS
MAL
ജഡ്ജിയെ മാറ്റി; പിന്നാലെ വിധിയും തിരുത്തി
backup
February 28 2020 | 05:02 AM
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനു കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ അടിയന്തിരമായി കേസെടുക്കണമെന്നു ജസ്റ്റിസ് എസ്. മുരളീധര്‍ ബുധനാഴ്ച നിര്‍ദേശം നല്‍കിയ കേസില്‍, കേസെടുക്കാന്‍ കൂടുതല്‍ സമയം നല്‍കി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച്. ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാ ഹൈക്കോടതിയിലേക്കു ബുധനാഴ്ച അര്‍ധരാത്രി സ്ഥലംമാറ്റി ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഡി.എന്‍ പട്ടേല്‍ അടങ്ങുന്ന ബെഞ്ച് കേസ് പരിഗണിച്ചത്.
കേസെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ഡല്‍ഹി പൊലിസിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം കോടതി അംഗീകരിച്ചു. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു കോടതി കേന്ദ്രസര്‍ക്കാരിന് നാലാഴ്ച സമയം നല്‍കി. കേസ് ഇനി ഏപ്രില്‍ 13നായിരിക്കും പരിഗണിക്കുക. നിലവിലെ സാഹചര്യത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തങ്ങള്‍ക്കു സാധിക്കില്ലെന്നു തുഷാര്‍ മേത്ത പറഞ്ഞു. കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അതു സമാധാനാന്തരീക്ഷത്തെ ബാധിക്കും. കേസെടുക്കുന്നതു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാനേ സഹായിക്കൂ. രണ്ടോ മൂന്നോ വിഡിയോ ക്ലിപ്പുകള്‍ മാത്രമാണ് ഹരജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇതിലും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഈ കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ നടന്നിട്ടുണ്ട്. അതെല്ലാം പരിശോധിച്ച ശേഷം എല്ലാവര്‍ക്കുമെതിരേ കേസെടുക്കണം.
എല്ലാ പ്രസംഗങ്ങളും പൊലിസ് പരിശോധിച്ചുവരികയാണ്. അതിനു ശേഷം ശരിയായ സമയം വരുമ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലിസ് കമ്മിഷണര്‍ അറിയിച്ചത് തങ്ങള്‍ പരിഗണിക്കുകയാണെന്നും കോടതി പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ 11 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എന്താണ് തടസമെന്നു വാദത്തിനിടെ ഹരജിക്കാരനായ ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ ചോദിച്ചു. ആളുകള്‍ ദിവസവും മരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കണമെന്നും ഹര്‍ഷ് മന്ദറിന് വേണ്ടി ഹാജരായ മറ്റൊരഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വെസും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."