ദേവനന്ദയുടെ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല, മുറിവോ ചതവോയില്ല, എന്നിട്ടും ദുരൂഹതയില്‍ ഉറച്ച് നാട്ടുകാര്‍, ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
കൊല്ലം: പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല, മുറിവും ചതവുമില്ല, എന്നിട്ടും ദുരൂഹതയില്‍ ഉറച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷയും ഇതുതന്നെ ആവര്‍ത്തിക്കുന്നു. മറ്റൊരാളുടെ ഇടപെടലില്ലാതെ കുട്ടിയുടെ മരണം സംഭവിക്കില്ലെന്നുതന്നെയാണ് ഇവര്‍ ഉന്നയിക്കുന്നതും. സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് കൊല്ലം ജില്ലാ കലക്ടര്‍ പറയുന്നത്.
വീട്ടില്‍നിന്ന് കുറെ അകലത്തുള്ള പള്ളിക്കലാറ്റിലാണ് രാവിലെ മൃതദേഹം കാണപ്പെട്ടത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അമ്മ തുണി കഴുകാന്‍ പോകുന്നതിനിടെ ഇത്രയും ദൂരം കുട്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് നാട്ടുകാര്‍. മാത്രമല്ല ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്വഭാവം കുട്ടിക്കില്ലെന്നും അവര്‍ പറയുന്നു.
പ്രതിഷേധം ഉയര്‍ന്നതോടെ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തുമെന്ന് സിറ്റിപോലിസ് കമ്മീഷണര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും അറിയിച്ചു.
മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ വന്‍ജനാവലിയാണ് ഇവിടേക്കെത്തിയത്. ഇവരെല്ലാം തന്നെ കുട്ടിയുടെ മരണത്തിലെ ആശങ്കപോലിസിനെ അറിയിച്ചിട്ടുണ്ട്.
അതേ സമയം ദേവനന്ദനയുടെ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവുകളോ ചതവുകളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂവെന്നാണ് അധികൃതര്‍ പറയുന്നത്. വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക.
അതേസമയം, മൃതദേഹം കണ്ടെത്തയതിന് ശേഷം മുങ്ങല്‍ വിദഗ്ധരുടെ തിരച്ചിലില്‍ ലഭിച്ച ഷാള്‍ ദേവനന്ദയുടെതാണെന്ന് മാതാവ് തിരിച്ചറിഞ്ഞു. മൃതദേഹം കിടന്നിരുന്ന അതേ സ്ഥലത്തുനിന്നാണ് ഷാള്‍ കിട്ടിയത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് -ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."