റിയാദ്: നീതി നിഷേധങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള പൗരന്മാരുടെ അവകാശത്തെ തോക്കും കുറുവടികളുമുപയോഗിച്ച് അടിച്ചമര്‍ത്തുകയും അവരുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തും വിധം രക്തരൂക്ഷിത കലാപങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന സംഘ്പരിവാര ശക്തികളുടെ ആസൂത്രിത ആക്രമണങ്ങളെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സഊദി നാഷണല്‍ കമ്മറ്റി ശക്തമായി അപലപിചു. ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്ക് ഗുണ്ടകളെ ഇറക്കുമതി ചെയ്ത് ഗുജ്‌റാത്തു കലാപങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഹിന്ദുത്വയുടെ തീവ്രവാദികള്‍.
ജാതി മത രാഷ്ട്രീയ ഭേദമെന്യെ കരിനിയമങ്ങള്‍ക്കെതിരെ സഹനസമരം നടത്തി വരുന്ന പ്രതിഷേധക്കാരെ പേടിപ്പിച്ച് പിന്തിരിപ്പിക്കാമെന്ന മൂഢവിശ്വാസത്തിലാണ് സംഘികള്‍. ഇതിനകം പോലീസുകാരനടക്കം നിരവധി പേരുടെ ജീവനെടുത്തു കഴിഞ്ഞു കലാപകാരികള്‍. പോലീസിനെ നിഷ്‌ക്രിയരാക്കി നിര്‍ത്തി ആക്രമകാരികള്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയാണ് ഭരണകൂടവും. എന്നാല്‍, ഭരണകൂട സഹായത്തോടെയുള്ള ഫാഷിസ്റ്റുകളുടെ സംഘടിത കലാപങ്ങള്‍ക്ക് പൗരസമരങ്ങളെയും അവരുടെ ഇച്ഛാശക്തിയേയും തകര്‍ക്കാനാകില്ല. സംഘര്‍ഷങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ നിയമപാലകര്‍ തയ്യാറാകണം. ഡല്‍ഹിയില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ടിരിക്കുന്ന സംഘടിത കലാപത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ മുഴുവന്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ മുന്നോട്ടു വരണമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സഊദി നാഷണല്‍ കമ്മറ്റി ഭാരവാഹികളായ കുഞ്ഞുമുഹമ്മദ് കോയ, അബ്ബാസ് ചെമ്പന്‍, ഡോ. മുഹമ്മദ് ഫാറൂഖ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.