മോദി ഏകാധിപതി; എതിര്‍ക്കാന്‍ മന്ത്രിസഭയില്‍ ആര്‍ക്കും ധൈര്യമില്ല: രാഹുല്‍
ഭുവനേശ്വര്‍:ഏകാധിപതിയെപോലെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മന്ത്രിസഭയിലെ ആര്‍ക്കും താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എന്നാല്‍ ഭയംകാരണം ആരും ഇക്കാര്യം തുറന്നുപറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ ഭുവനേശ്വറില്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
ജനങ്ങള്‍ പറയുന്നതെല്ലാം കേള്‍ക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അതനുസരിച്ചുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി സ്വീകരിക്കുന്നത്.
എന്നാല്‍ ബി.ജെ.പിയില്‍ അങ്ങനെയല്ല. എല്ലാം അറിയുന്ന ആളാണ് താനെന്നാണ് മോദി ചിന്തിക്കുന്നത്. മോദിയുടെ നാലര വര്‍ഷത്തെ ഭരണത്തിന്റെ ആത്യന്തിക ഫലം ഒന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഒഡിഷയിലെ നവീന്‍ പട്‌നായിക്കിന്റെ സര്‍ക്കാരും കേന്ദ്രത്തിലെ മോദി സര്‍ക്കാരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്.
രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരേ മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. അത് ഗുജറാത്ത് മാതൃകയാണ്. മുഖ്യമന്ത്രിമാരെ മാര്‍ക്കറ്റിങ് ചെയ്യുന്നതിന് വ്യവസായികള്‍ പണം നല്‍കുന്നു. സര്‍ക്കാര്‍ നയങ്ങളിലൂടെ വ്യവസായികള്‍ക്ക് അതിന്റെ പ്രതിഫലം നല്‍കുകയും ചെയ്യുന്നു.
കേന്ദ്രത്തില്‍ മോദിക്കെതിരേയാണ് തങ്ങള്‍ യുദ്ധം ചെയ്യുന്നത്. ഒഡിഷയിലാകട്ടെ മോദിയുടെ മാതൃക പിന്തുടരുന്ന സര്‍ക്കാരാണ് നവീന്‍ പട്‌നായിക്കിന്റേത്. ബി.ജെ.പി മോഡലും ബി.ജെ.ഡി മോഡലും ഒന്നാണെന്നും രാഹുല്‍ ആരോപിച്ചു.
കോണ്‍ഗ്രസ് എല്ലാം തികഞ്ഞ ഒരു സംവിധാനമല്ല. അതൊരു പേരായ്മയാണെങ്കിലും ജനങ്ങളെ കേള്‍ക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ രീതി. പിന്നാക്ക ജനവിഭാഗങ്ങള്‍, ദലിതുകള്‍, ഗോത്രവര്‍ഗക്കാര്‍, മധ്യവര്‍ഗം, വ്യവസായികള്‍ എല്ലാവരുമായും ചര്‍ച്ച നടത്താന്‍ പാര്‍ട്ടി ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ജൂനിയര്‍ പാര്‍ട്‌നറായിട്ടാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പ്രവര്‍ത്തിക്കുന്നത്.
ഒഡിഷയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 10 ദിവസത്തിനകം കാര്‍ഷിക ലോണുകള്‍ എഴുതി തള്ളുമെന്നും രാഹുല്‍ വ്യക്തമാക്കി.
ഭുവനേശ്വറിലെ സംവാദത്തിന് ശേഷം നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ കാര്‍ഷിക ലോണുകള്‍ എഴുതി തള്ളിയിട്ടുണ്ട്. ഇതേ മാതൃക ഒഡിഷയിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."