ഉണ്ട വിഴുങ്ങിയ വക്കീലും ഉണ്ട വില്‍ക്കുന്ന പൊലിസും
പ്രമാദമായ ഒരു കൊലക്കേസ് വാദത്തിനിടയില്‍ ചെറിയ ഉണ്ട ആരും കാണാതെ കൗശലപൂര്‍വം വക്കീല്‍ വിഴുങ്ങുകയും, തോക്കില്‍ കൊള്ളാത്ത മറ്റൊരു ഉണ്ട പോക്കറ്റില്‍ നിന്ന് കോടതിയുടെ കണ്ണ് വെട്ടിച്ച് എടുത്തു തൊണ്ടിമുതല്‍ എന്ന വ്യാജേനെ കോടതിയില്‍ ഹാജരാക്കിയ ഉണ്ടവിഴുങ്ങി വക്കീല്‍ നാട്ടിന്‍പുറങ്ങളിലെ നാട്ടു വര്‍ത്തമാനത്തില്‍ പെട്ടതാണ്. കേരള പൊലിസിലെ ഉണ്ട മോഷണം സി.എ.ജി കണ്ടെത്തിയിരിക്കുന്നു. ഇയ്യം ഉരുക്കി വിറ്റതാവാം എന്നതാണ് പ്രാഥമിക നിഗമനം. പണ്ടുപണ്ടേ ഉണ്ട മോഷണം പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പതിവാണെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ ലാഘവവല്‍ക്കരിച്ചു അഭിമുഖവും നല്‍കിയിട്ടുണ്ട്. കുളത്തി പുരയില്‍ റോഡ് വക്കില്‍ 14 ഉണ്ടകള്‍ പൊലിസ് കണ്ടെത്തി. ഇതില്‍ പലതും എ.കെ 47. പാകിസ്താന്‍ നിര്‍മിതിയാണെന്ന പ്രാഥമിക നിഗമനം. വിരാജ് പേട്ടയില്‍ നിന്ന് തലശ്ശേരി വഴി വന്നിരുന്ന ഒരു നീല കാറില്‍നിന്ന് 60 വെടിയുണ്ടകള്‍ പൊലിസ് പിടിച്ചു. കൊണ്ടുവന്നയാളുടെ പേര് പ്രമോദ് ആയതിനാല്‍ മുസ്‌ലിം തീവ്രവാദം ആരോപിക്കപ്പെട്ടതുമില്ല.
പൊലിസും പട്ടാളവും നാട്ടുകാരുടെ സ്വസ്ഥത കെടുത്താനുള്ളതല്ല. നിയമവാഴ്ച ഉറപ്പുവരുത്തുകയും അതിര്‍ത്തി കാക്കുകയും അങ്ങനെ പൗരന്മാര്‍ക്ക് സമാധാനം ഉറപ്പുവരുത്തുകയുമാണ് പരമപ്രധാന ലക്ഷ്യം. കേരള പൊലിസ് തലപ്പത്ത് ഉപദേഷ്ടാവായി നിയമിക്കപ്പെട്ട രമണ്‍ ശ്രീവാസ്തവ പാലക്കാട് സിറാജുന്നിസ എന്ന കൊച്ചു പെണ്‍കുട്ടിയെ വെടിവച്ചു വീഴ്ത്താന്‍ (എനിക്ക് ഒരു മുസ്‌ലിം മൃതശരീരം വേണമെന്ന്) ആക്രോശിച്ചു പറഞ്ഞയാളാണെന്ന് പറയപ്പെട്ടിരുന്നു. ഇദ്ദേഹം തലപ്പത്ത് ഇരിക്കുമ്പോള്‍ പൊലിസ് വകുപ്പില്‍ നിന്ന് നല്ല വാര്‍ത്ത എങ്ങനെ പ്രതീക്ഷിക്കും. ലോക്‌നാഥ് ബെഹ്‌റ എന്ന ഒഡിഷക്കാരനും കമ്മ്യൂണല്‍ രോഗം മുന്‍ഗാമിയായ സെന്‍കുമാറിനെ പോലെ ബാധിച്ചയാളാണെന്ന വാര്‍ത്ത വന്നിരുന്നു. ഭൂരിപക്ഷത്തിന് ന്യൂനപക്ഷം കീഴ്‌പ്പെടണം എന്ന് സെന്‍കുമാര്‍ അഭിമുഖം നല്‍കിയിട്ടുണ്ട്. മൈനോറിറ്റി റൈറ്റ് എന്താണെന്ന ചോദ്യത്തിന് മെജോറിറ്റി റൈറ്റാണെന്നാണ് സെന്‍കുമാര്‍ മനഃസാക്ഷി കുത്തില്ലാതെ മറുപടി പറഞ്ഞത്. പൊലിസിലെ വര്‍ഗീയവല്‍ക്കരണം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. നീതി നടപ്പിലാക്കാന്‍ എത്തുന്നവര്‍ മതം നോക്കി ലാത്തിയും തോക്കും എടുക്കുന്നത് രാജ്യത്തിന്റെ പൈതൃകത്തെ തന്നെ തകര്‍ക്കുകയാണ്.
ജാതിക്കോമരങ്ങള്‍
ജന്മി ഭാഷ ബ്രാഹ്മണിക്കല്‍ തിയറിയാണ്. മാനവികത അന്യമാണ് ഈ സംസ്‌കൃതിയില്‍. 'ചാതുര്‍വര്‍ണ്ണ്യംമയാ സൃഷ്ടംഗുണ കര്‍മ്മ വിഭാഗശ ഭഗവാന്‍' ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഉപദേശിച്ചത് ഇങ്ങനെയായിരുന്നു. വര്‍ണ ഭേദങ്ങള്‍ കര്‍മ ഗുണം അനുസരിച്ച് എന്നൊരു വ്യാഖ്യാനം ചിലര്‍ക്കുണ്ട്. വേടച്ചെറുക്കന്‍ ആയതുകൊണ്ട് മാത്രമാണ് ഏകലവ്യന്റെ പെരുവിരല്‍ കാണിക്കയായി ദ്രോണാചാര്യര്‍ ചോദിച്ചു വാങ്ങിയത്. അസ്ത്ര ശാസ്ത്ര നിപുണന്റെ ആയോധന തന്ത്രം ഉപയോഗിക്കാനാവാതെ ഏകലവ്യന്‍ പിന്നാക്കം നില്‍ക്കണമെന്ന ദുരുദ്ദേശ്യം ആചാര്യന്റെ ബ്രാഹ്മണ്യ മനസില്‍ വന്നുപെട്ടാല്‍ എന്തുചെയ്യും. ഇന്ത്യ ഇപ്പോഴും കരകയറാതെ നില്‍ക്കുന്ന ഈ ജാതിയത ഊതിക്കാച്ചിയെടുത്ത് ബ്രാഹ്മണിക്കല്‍ ഹിന്ദു രാഷ്ട്രീയത്തിലേക്ക് അടിവെച്ചടിവച്ച് നടന്നു നീങ്ങുകയാണ് ബിജെപി. ജാതി പ്രഭാവത്തിന്റെ ഏറ്റവും ബീഭത്സമായ ബാധ അയിത്താചരണമാണ്. ജന്മിയുടെ പാടത്ത് വിസര്‍ജിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ ദലിത് യുവാവിനെ പട്ടാപ്പകല്‍ വട്ടംകൂടി തല്ലിച്ചതച്ചു.
ഇന്ത്യയിലെ സിവില്‍ സര്‍വിസ് മേഖല കടുത്ത മേല്‍ജാതി കോയ്മയില്‍ അകപ്പെട്ടിരിക്കുന്നു. ഭരണകൂടം ഹിന്ദുത്വ ബോധത്തിന്റെ അടിത്തറയില്‍ സ്ഥാപിതമാകുമ്പോള്‍ ഞെരിഞ്ഞമരുന്ന അധഃസ്ഥിത വിഭാഗങ്ങളുടെ രോദനം കേള്‍ക്കാന്‍ ആരുമുണ്ടാവില്ല. ജന്മാപമാന ഭാരവും പേറി കീഴാള ജാതികള്‍ ഇപ്പോഴും ഇന്ത്യയില്‍ വേട്ടയാടപ്പെടുകയാണ്.
ഗോത്ര സംസ്‌കാരങ്ങളുടെ നുഖം പേറുന്ന ഒരു ലോക സമൂഹവും യഥാര്‍ഥ വെളിച്ചം കണ്ടിട്ടില്ല. മത, ജാതി, വര്‍ണ, വംശമതിലുകള്‍ ഉയര്‍ത്തി മാനവികതയോട് മനഃശാസ്ത്ര യുദ്ധം നടത്തിയാണ് പലരും അധികാരം പിടിച്ചത്. ഫാസിസ്റ്റ് ജര്‍മ്മനി ഒരു ഉദാഹരണം മാത്രം. ഇന്ത്യയിലെ ജനാധിപത്യ ആരോഗ്യത്തിന് വലിയ ക്ഷതം സംഭവിച്ചിട്ടുണ്ട്. 1925 മുതല്‍ ഹിന്ദുമഹാസഭ ഉയര്‍ത്തിക്കൊണ്ടുവന്ന മത രാഷ്ട്രീയ വിചാരമാണ് ഈ അപചയത്തിന് കാരണക്കാര്‍. 1947ല്‍ ഇന്ത്യയിലെ എല്ലാ മുസ്‌ലിംകളും പാകിസ്താനിലേക്കും പാകിസ്താനിലെ എല്ലാ ഹിന്ദുക്കളും ഇന്ത്യയിലേക്കും മാറി താമസിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇന്ത്യ നേരിടുന്ന പൗരത്വ പ്രശ്‌നം ഉത്ഭവിക്കുകമായിരുന്നില്ല എന്ന് പരസ്യമായി പ്രസംഗിച്ചത് ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയാണ്. ലോക പരിസരങ്ങളെ കുറിച്ച് എത്ര ഇടുങ്ങിയ വിചാരവും വിവരവുമാണ് രാജ്യം ഭരിക്കുന്നവര്‍ക്കുള്ളത്. ലോകം ഒരു ഗ്ലോബല്‍ വില്ലേജായിത്തീര്‍ന്ന ഇക്കാലത്ത് ഏതെങ്കിലും ഒരു ജനതക്ക് ഒരിടത്ത് പരാശ്രയമില്ലാതെ ഭക്തിപ്രസ്ഥാനക്കാരായി ജീവിക്കാന്‍ കഴിയുമോ? ഏതാനും ആരാധനാലയങ്ങള്‍ മാത്രം ഒരു ജനതയുടെ ഭൗതിക വ്യവഹാരങ്ങള്‍ക്ക് മതിയാകുമോ? എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്ന മനസ് നഷ്ടപ്പെട്ടവര്‍ക്ക് ഭരണം ലഭിച്ചാല്‍ ഇപ്പോഴത്തെ ഇന്ത്യ നിര്‍മിക്കപ്പെടും. ലോക രാഷ്ട്രങ്ങള്‍ ഭാരതത്തിന്റെ ഭാവിയില്‍ ആശങ്കപ്പെടുന്നു. സഹിഷ്ണുതയും മതേതരത്വവും ജനാധിപത്യവും ഇന്ത്യയില്‍ നിന്ന് കടം കൊള്ളാന്‍ ആഗ്രഹിച്ചവര്‍ നിരാശയിലാണ്.
ഫാസിസത്തിന്റെ മുഖമുദ്ര ഏകാധിപത്യമാണ്. നീതി അവരുടെ നിഘണ്ടുവില്‍ ഇല്ല. അസമിലെ തടങ്കല്‍ പാളയം സന്ദര്‍ശിക്കാന്‍ എം.പിമാര്‍ക്ക് പോലും ഇതുവരെ സാധിച്ചിട്ടില്ല. പൗരത്വം തെളിയിക്കാന്‍ പലര്‍ക്കും വീണ്ടും വീണ്ടും അധികാരികള്‍ നോട്ടിസ് നല്‍കി തുടങ്ങുന്നു. വടക്കേ ഇന്ത്യ എരിതീയില്‍ നിന്ന് കര കയറിയിട്ടില്ല. രാമന്റെ പേരില്‍ രാജ്യം പിടിച്ചവര്‍ രാമ രാജ്യ സങ്കല്‍പം മറന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന, സ്ത്രീ പീഡനങ്ങള്‍ രൂക്ഷമായ, പിഞ്ചു കുഞ്ഞുങ്ങള്‍ വധിക്കപ്പെടുന്ന, തൊഴിലില്ലാത്തവരുടെയും പട്ടിണിപ്പാവങ്ങളുടെയും പ്രദേശമായി ഇന്ത്യയെ ആര്‍.എസ്.എസുകാര്‍ മാറ്റിക്കഴിഞ്ഞു. ഭയം വിതച്ചു ഭരണം പിടിക്കുകയാണ്. ആര്‍ത്തനാദങ്ങളും അട്ടഹാസങ്ങളും അധികാരിയുടെ കാതുകളെ തുറപ്പിക്കുന്നില്ല. നൈതികത അന്യമാവുന്നു. പൗരത്വ നിഷേധ നിലപാടുമായി മുന്നോട്ടുപോകുമെന്ന് അടിക്കടി പ്രധാനമന്ത്രി പ്രസ്താവിക്കുന്നു. ലോകം മുഴുവനും ശ്രദ്ധിച്ച പ്രതിഷേധങ്ങള്‍ ഭരണകൂടങ്ങള്‍ക്കു കാണാന്‍ കഴിയുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ ഉണര്‍ന്നിട്ടില്ല. ഇന്ത്യയുടെ മതേതര മനസ് മരിച്ചിട്ടില്ലെന്ന ഏകസമാധാനം ആണ് ബാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."