കണ്ണു തുറന്നു കാണണം; ജില്ലാ ആശുപത്രിയിലെ രോഗികളുടെ ദുരിതം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് 400 കിടക്കകളെന്നാണ് അധികൃതരുടെ കണക്ക്. നിലവിലുള്ളത് 330 കിടക്കകള്‍. അത്യാഹിത വിഭാഗം, സര്‍ജറി വിഭാഗം, കാഷ്വാലിറ്റി വിഭാഗം ഉള്‍പ്പെടെയുള്ള രോഗികള്‍ക്കു മാറ്റി വെക്കുന്നതോടെ ഇരുനൂറോളം കിടക്കകള്‍ മാത്രമാണു ജനറലായി ഉപയോഗിക്കാന്‍ സാധിക്കുക. കൂടുതലുള്ള രോഗികളെ വരാന്തയുള്‍പ്പെടെയുള്ള പൊടിപടലങ്ങള്‍ നിറയുന്ന സ്ഥലങ്ങളില്‍ നിലത്തു കിടത്തുകയാണ്.
ഇതിനു പുറമേ ശസ്ത്രക്രിയ വിഭാഗത്തില്‍ വരുന്ന രോഗികളെ സര്‍ജറി വാര്‍ഡില്‍ ഒന്നിച്ചു കിടത്തേണ്ട അവസ്ഥയുണ്ട്. കണ്ണു ശസ്ത്രക്രിയക്കു വിധേയരായ രോഗികളെ മറ്റു ശസ്ത്രക്രിയ നടത്തിയ രോഗികളുടെ കൂടെ കിടത്തുന്നത് അപകടകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവര്‍ക്കു വളരെ എളുപ്പത്തില്‍ അണുബാധ പിടികൂടാന്‍ സാഹചര്യമുള്ളതിനാല്‍ ഇവരെ പ്രത്യേക വാര്‍ഡില്‍ കിടത്തണമെങ്കിലും ഈ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമല്ല.
ജില്ലയില്‍ വര്‍ധിച്ചു വരുന്ന വൃക്ക രോഗികള്‍ക്കു സഹായകമാകുന്ന ഡയാലിസ് സെന്റര്‍ ഇവിടെ തുടങ്ങുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. രോഗികളെ ഈ കെട്ടിടത്തിലേക്കു കൊണ്ടു പോകാനുള്ള റാമ്പ് ഉള്‍പ്പെടെ നിര്‍മിച്ചുവെങ്കിലും ഈ കേന്ദ്രം പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഒരു ചാരിറ്റി സംഘടന രണ്ടു ഡയാലിസ് യന്ത്രം ഈ ആശുപത്രിയില്‍ നല്‍കിയിട്ടു രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും ഇതും തുരുമ്പെടുക്കുന്നു. ആധുനിക രീതിയിലുള്ള എക്‌സ്‌റേ യന്ത്രം ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു പ്രവര്‍ത്തിക്കാനുള്ള ജീവനക്കാരും ഇവിടെയില്ല.
ചാരിറ്റി സംഘടന നല്‍കിയ രണ്ടു യന്ത്രങ്ങള്‍ കൊണ്ടു ഡയാലിസ് ആരംഭിച്ചാല്‍ തന്നെ ഒരെണ്ണം മുന്‍കരുതലായി വെക്കണമെന്നാണ് ആശുപത്രി അധികൃതരുടെ അഭിപ്രായം. ജില്ലയിലെ നൂറുകണക്കിനു വൃക്ക രോഗികള്‍ പരിയാരത്തും മംഗളൂരുവിലെ ആശുപത്രികളിലുമാണു ഡയാലിസിസിനായി പോകുന്നത്. ചുരുങ്ങിയത് ആറ് മെഷിനുകളെങ്കിലും ഈ കേന്ദ്രത്തില്‍ സ്ഥാപിച്ചു ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഒരു ദിവസം ആറു പേര്‍ക്കെങ്കിലും ഡയാലിസ് ചെയ്യാനുള്ള സൗകര്യം ഇവിടെ ലഭ്യമാകും.
ആശുപത്രിയില്‍ എട്ടു ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ലെന്നു മാത്രമല്ല പല വിഭാഗത്തിലും ഒരു ഡോക്ടര്‍ വീതമാണുള്ളത്. ഇവര്‍ ലീവെടുത്താല്‍ അന്നത്തെ ദിവസം രോഗികളുടെ കാര്യം പരിതാപകരമാണ്. ചര്‍മ്മ രോഗം, ഫിസിയോ തെറാപ്പി, റേഡിയോ തെറാപ്പി, ജനറല്‍ മെഡിസിന്‍ വിഭാഗം, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളില്‍ ഇപ്പോഴും ഒറ്റയാള്‍ പ്രകടനമാണ്.
കണ്ണു വിഭാഗത്തിന്റെ സഞ്ചരിക്കുന്ന വണ്ടിയുടെ കാലാവധി കഴിഞ്ഞു നിരങ്ങി നീങ്ങുകയാണ്. ഈ വിഭാഗത്തിനു പുതിയ വണ്ടി അനുവദിച്ചിട്ടില്ല. ആശുപത്രിയുടെ ആംബുലസും രണ്ടര ലക്ഷത്തിനടുത്തു കിലോമീറ്റര്‍ ഓടി ഇപ്പോള്‍ കിതച്ചു നില്‍ക്കുന്നു. തുടര്‍ന്നും ഇത് ഉപയോഗിക്കണമെങ്കില്‍ ഉന്നതങ്ങളില്‍ നിന്ന് അനുമതി വേണം. അതല്ലെങ്കില്‍ പുതിയ വാഹനം അനുവദിക്കണം.
അതേ സമയം എന്‍.ആര്‍.എച്ച്.എം വകയിലുള്ള ഒരു ആംബുലന്‍സ് ഇവിടെ ഉള്ളത് കൊണ്ടു പ്രശ്‌നങ്ങള്‍ ഒരു തരത്തില്‍ പരിഹരിക്കുന്നു.
ജില്ലാ ആശുപത്രി പരിസരം രാത്രിയായാല്‍ പൂര്‍ണമായും ഇരുട്ടിലാണ്. രാത്രിയില്‍ ആശുപത്രിയുടെ ഉള്‍വശത്തും പലയിടത്തും ഇരുട്ടാണ്. രാത്രിയില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ ലാബ് പരിശോധനകള്‍ക്കു കൂറ്റാക്കൂരിരുട്ടില്‍ ആശുപത്രി വട്ടം ചുറ്റേണ്ട അവസ്ഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."