പറഞ്ഞു പറ്റിക്കാന്‍ രണ്ടു മെഡിക്കല്‍ കോളജ്
കാസര്‍കോട്: കാസര്‍കോടിന്റെ സ്വപ്നപദ്ധതിയായ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് സ്വപ്നമായി തന്നെ അവശേഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന രീതിയിലാണു കാര്യങ്ങള്‍ നീങ്ങുന്നത്. കേന്ദ്ര സര്‍വകലാശാലയുടെ ഭാഗമായി കാസര്‍കോട് എത്തുമെന്നു കരുതിയ കേന്ദ്ര മെഡിക്കല്‍ കോളജിന്റെയും അവസ്ഥ ഇതുതന്നെയാവുമെന്നാണു കേള്‍വി.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തുടങ്ങുകയും ഇപ്പോള്‍ ഇടതുഭരണത്തില്‍ കഴിഞ്ഞ രണ്ടു ബജറ്റിലും തുക മാറ്റിവെക്കാത്തതും കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ഭാവി തുലാസില്‍ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു തറക്കല്ലിട്ടു പണി തുടങ്ങിയ കാസര്‍കോട് മെഡിക്കല്‍ കോളജിന് 7.5 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. പണി ഏറ്റെടുത്തു കിറ്റ്‌കോ മുന്നോട്ടു പോകവെയാണ് കൂടുതല്‍ ഫണ്ട് അനുവദിക്കാഞ്ഞതിനെ തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ചികിത്സ ലഭ്യമാക്കുന്നതിനും ഏറെ പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ ജനവിഭാഗത്തിനു മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുമായി വിഭാവനം ചെയ്ത കാസര്‍കോട് മെഡിക്കല്‍ കോളജ് ഇപ്പോള്‍ ബദിയഡുക്ക ഉക്കിനടുക്കയില്‍ സിമന്റു കാലുകളില്‍ ഒതുങ്ങിയിരിക്കുകയാണ്. ഇടതു മുന്നണി സര്‍ക്കാരിന്റെ ബജറ്റില്‍ ഇക്കുറിയും പണം അനുവദിക്കാത്തതിലൂടെ മനസിലാകുന്നത് കാസര്‍കോട് മെഡിക്കല്‍ കോളജ് സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ്.
അക്കാദമിക്ക് ബ്ലോക്കിന്റെ പണി നടന്നു കൊണ്ടിരിക്കെ ആശുപത്രി ബ്ലോക്കിനു കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച 68 കോടി രൂപയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കാതെ വൈകിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും മംഗളൂരു ആശുപത്രി ലോബിയെ സഹായിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പെരിയയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയുടെ ഭാഗമായി അനുവദിക്കപ്പെട്ട കേന്ദ്ര മെഡിക്കല്‍ കോളജ് വരുന്നതിനാല്‍ മറ്റൊരു മെഡിക്കല്‍ കോളജ് വേണ്ടെന്ന ചിന്തയും ഭരണതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ കേന്ദ്ര മെഡിക്കല്‍ കോളജിനു വേണ്ടി ചെറുവിരല്‍ പോലും ഒരു രാഷ്ട്രീയക്കാരും അനക്കുന്നില്ലെന്നതാണ് അവസ്ഥ. എല്ലാകാലവും കാസര്‍കോടന്‍ ജനതയെ പറഞ്ഞു പറ്റിക്കാന്‍ രണ്ടു മെഡിക്കല്‍ കോളജ് കഥകളുള്ളത് രാഷ്ട്രീയക്കാര്‍ക്കും ലാഭകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."