ജുഡിഷ്യറിയെ ഭയപ്പെടുത്തുന്നുവോ?
ഡല്‍ഹിയിലെ വംശഹത്യ തടയുന്നതില്‍ പരാജയപ്പെട്ട പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ്. മുരളീധറിനെ അര്‍ധരാത്രിയില്‍ സ്ഥലംമാറ്റിയതിനുപിന്നാലെ കോടതിയില്‍ നിന്നുണ്ടായ കേസിലെ മലക്കംമറിച്ചില്‍ ഞെട്ടിക്കുന്നതാണ്. ഈ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാത്രിയില്‍ പൊടുന്നനെയുണ്ടായ നടപടിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
ശബ്ദിക്കുന്നവര്‍ ആരായാലും അവരെ അധികാരം ഉപയോഗിച്ച് നിശബ്ദരാക്കുകയെന്ന നിലപാട് ജനാധിപത്യരാജ്യത്ത് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കുന്നതില്‍ നിസ്സംഗത കാണിച്ച പൊലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചതിനുപിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയത്.
കഴിഞ്ഞ 12ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രിംകോടതി കൊളീജിയം ആണ് മുരളീധര്‍ ഉള്‍പ്പെടെ മൂന്ന് ജഡ്ജിമാര്‍ക്കുള്ള സ്ഥലംമാറ്റം നിര്‍ദേശിച്ചത്. എന്നാല്‍, നിയമമന്ത്രാലയം അത് പരിഗണിച്ചിരുന്നില്ല. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ചില പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. സുപ്രിം കോടതി കൊളീജിയം നിര്‍ദേശിച്ച പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്കാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തന്നെ ജഡ്ജിമാരുടെ നിയമനത്തിലും മറ്റും ബി.ജെ.പി അവരുടെ താല്‍പര്യങ്ങള്‍ നടപ്പാക്കിയിരുന്നു. സുപ്രിം കോടതി ജഡ്ജി നിയമനത്തിന് നാമനിര്‍ദേശം ചെയ്ത നാലു ജഡ്ജിമാരില്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയിരുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍.എം ലോധയുടെ കാലത്ത് നാമനിര്‍ദേശം ചെയ്ത നാലുപേരില്‍ നിന്നാണ് അന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയത്. സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിക്കസ് ക്യൂറിയായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യം. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടാണ് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായുടെ അറസ്റ്റിലേക്ക് നയിച്ചത്.
ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റം. അതിനുപിന്നാലെ കോടതിയുടെ നിലപാടിലും മലക്കംമറിച്ചിലുണ്ടായി. ബി.ജെ.പി നേതാക്കള്‍ക്കെതിരേ അടിയന്തരമായി കേസെടുക്കണമെന്ന് ബുധനാഴ്ച ജസ്റ്റിസ് മുരളീധര്‍ നിര്‍ദേശിച്ചെങ്കിലും വ്യാഴാഴ്ച കേസെടുക്കുന്നത് പരിശോധിക്കാന്‍ പൊലിസിന് കോടതി ഒരുമാസത്തെ സമയം നീട്ടിനല്‍കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്. ബുധനാഴ്ച ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായ കേന്ദ്രത്തിനും ഡല്‍ഹി പൊലിസിനും വ്യാഴാഴ്ച ആശ്വാസകരമായ നടപടിയാണ് കോടതിയില്‍ നിന്നുണ്ടായത്. ജഡ്ജിയുടെ സ്ഥലം മാറ്റവും കോടതിവിധിയിലെ മാറ്റവും ഈ അവസരത്തില്‍ ചേര്‍ത്തുവായിക്കുന്നവര്‍ക്ക് സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികം.
രാജ്യത്തെ നീതിന്യായ വ്യവസ്ഥ സുതാര്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയാണ്. ഇതിനുള്ള നടപടികളാണ് രാജ്യം ഭരിക്കുന്നവരില്‍ നിന്നുണ്ടാകേണ്ടത്. ഭരണഘടന വിഭാവനംചെയ്യുന്ന സ്വതന്ത്ര ജുഡിഷ്യല്‍ റിവ്യു, നിയമവാഴ്ച എന്നിവ ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്.
വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കുന്നത് പരിശോധിക്കാന്‍ നാലാഴ്ച സമയം നല്‍കിയ കോടതി കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്. നിലവിലുള്ള സാഹചര്യത്തില്‍ രാജ്യത്തെ ഓരോ ചലനങ്ങളും അന്താരാഷ്ട്രതലത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ വിവേചനത്തിനെതിരേ പൗരന് സമീപിക്കാനുള്ളത് കോടതിയാണ്. നിര്‍ഭയമായി നീതി നടപ്പാക്കാന്‍ കോടതികള്‍ക്ക് കഴിയണം.
ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവും പിന്നീട് ജഡ്ജിമാരുടെ മോദി സ്തുതിയും പലപ്പോഴായി ചര്‍ച്ചയായതാണ്. സര്‍ക്കാരിനെ പേടിക്കാതെ വിധി പ്രസ്താവിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയുന്ന സാഹചര്യം ഉണ്ടായാലെ നിര്‍ഭയത്തോടെ പൗരന് കോടതിയെ സമീപിക്കാനാകൂ. ജസ്റ്റിസ് അരുണ്‍ മിശ്ര ഈയിടെ നടത്തിയ പ്രസ്താവനയും സ്വതന്ത്ര സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സുപ്രിം കോടതിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്നതാണെന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
സുപ്രിം കോടതി മുന്‍ ജഡ്ജിയായ മാര്‍കണ്ഡേയ കട്ജുവും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഇത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയതും ഈ അവസരത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. പല സുപ്രധാന കേസിലും വിധി പ്രസ്താവിച്ച ബെഞ്ചിലെ അംഗമായിരുന്നു പക്ഷപാതത്തോടെ പ്രസ്താവന നടത്തിയ ജസ്റ്റിസ് അരുണ്‍ മിശ്ര. ജസ്റ്റിസ് ലോയയുടെ കേസ് അരുണ്‍ മിശ്ര അടങ്ങുന്ന ബെഞ്ചിലേക്ക് കൈമാറിയതിനെ തുടര്‍ന്നാണ് ചരിത്രത്തില്‍ ആദ്യമായി സുപ്രിം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ജഡ്ജിമാരുടെമേല്‍ കടിഞ്ഞാണിടാനുള്ള ഏതൊരു ശ്രമവും ചെറുക്കേണ്ടത് ജുഡിഷ്യറി മാത്രമല്ല. ഭരണഘടനയുടെ സുപ്രധാന തൂണുകള്‍ക്ക് ഒരോ തൂണിനെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ജുഡിഷ്യറിക്ക് നേരെ നടക്കുന്ന സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ മികച്ച ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലൂടെ സാധിക്കും. ഇതിനായി ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചൂണ്ടുവിരല്‍ ഉപയോഗിച്ചാല്‍ ഈ നാട്ടില്‍ സര്‍വസ്വാതന്ത്ര്യത്തോടെ പൗരന്‍മാര്‍ക്ക് ജീവിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."