എസ്.എ.ടിയിലെ മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവര്‍ഷം എന്നു തുറക്കുമെന്ന് ആര്‍ക്കുമറിയില്ല !
തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും എസ്.എ.ടി ആശുപത്രിക്കുവേണ്ടി നിര്‍മിച്ച മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്ക് തുറക്കനാകാതെ അധികൃതര്‍. അഞ്ചു നിലകളായി നിര്‍മാണം തുടങ്ങിയിട്ട് രണ്ടു നിലകള്‍ പൂര്‍ത്തിയായപ്പോഴാണ് ഉദ്ഘാടനം നടത്തിയത്. നിലവില്‍ ബാക്കിയുള്ളവയുടെ പണി തുടങ്ങിയതുമില്ല, പണി പൂര്‍ത്തിയായതിന്റെ പ്രവര്‍ത്തനവുമില്ല. അതാണ് സ്ഥിതി. ആശുപത്രിയുടെ ഗൈനിക് വിഭാഗത്തിന് വേണ്ടിയാണ് മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്ക് നിര്‍മാണം തുടങ്ങിയത്. നൂറുകോടി ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ അഞ്ചു നില കെട്ടിടം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം.ഇപ്പോള്‍ പദ്ധതി എവിടെ, എങ്ങനെ, എപ്പോള്‍ പൂര്‍ത്തിയാകുമെന്നതിനെ സംബന്ധിച്ച് ആര്‍ക്കും ഒരു ധാരണയുമില്ലാത്ത സ്ഥിതിയാണ്.
പുതിയ അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികളെ വാര്‍ഡുകളിലേക്കും മറ്റു ചികിത്സാ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിന് എം.സി.എച്ച് ബ്ലോക്കും പ്രധാന കെട്ടിടവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു റാമ്പ് പോലും ഇവിടെ നിര്‍മിച്ചിട്ടില്ല. ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ത്തന്നെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. അതിനുള്ള നടപടിക്രമങ്ങളും എങ്ങുമെത്തിയിട്ടില്ല. നഴ്‌സിങ് സൂപ്രണ്ട്, നഴ്‌സിങ് സ്റ്റാഫ്, നഴ്‌സിങ് അസിസ്റ്റന്റ്, സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയ നിരവധി പോസ്്റ്റുകളിലേക്ക് നിയമനം നടത്തേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതിനു കാരണമെന്നാണു സൂചന.
ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നതിനാല്‍ എസ്.എ.ടിയില്‍ നിന്ന് ജീവനക്കാരെ അവിടേക്കു മാറ്റാനും കഴിയുന്നില്ല.
അറ്റന്‍ഡര്‍മാരുടെ കുറവ് മെഡിക്കല്‍കോളജില്‍ രൂക്ഷമായി അനുഭവപ്പെടുന്നുമുണ്ട്. മറ്റൊരു പ്രശ്‌നം ശുചീകരണ തൊഴിലാളികളുടേതാണ്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരുടെ ജോലിദിനങ്ങള്‍ വെട്ടിച്ചുരുക്കിയത് മെഡിക്കല്‍കോളജിലെ തന്നെ ശുചീകരണ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയിരിക്കുകയാണ്.അതിനിടെയാണ് പുതിയ കെട്ടിടത്തിലേക്ക് ജീവനക്കാരെ വേണ്ടി വരുന്നത്. ഇക്കാര്യത്തില്‍ ഉന്നതാധികാരികള്‍ കൃത്യമായ നിലപാടെടുത്താല്‍, അത് എസ്.എ.ടിയിലെത്തുന്ന ആയിരക്കണക്കിനു രോഗികള്‍ക്ക് ആശ്വാസം പകരുന്നതാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."