ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യക്ഷസമരം
മലപ്പുറം: നികുതിയിളവില്‍ കരിപ്പൂര്‍ വിമാനത്താവളത്തോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. കണ്ണൂരിന് നല്‍കിയ നികുതിയിളവ് കരിപ്പൂര്‍ വിമാനത്താവളത്തിനും നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മലപ്പുറം ജില്ലകളിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനത്തില്‍ അനുകൂല നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരത്തിന് തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനമായ കരിപ്പൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൂടിയാലോചിക്കുന്നതിനായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എം.പിമാരുടേയും, എം.എല്‍.എമാരുടേയും, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരുടേയും, വിമാനത്താവള ഉപദേശക സമിതി അംഗങ്ങളുടേയും യോഗം നാളെ രാവിലെ പത്തിന് കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. പുതുതായി തുടങ്ങിയ കണ്ണൂര്‍ വിമാനത്താവളത്തിലെ ആഭ്യന്തര സര്‍വിസുകള്‍ക്ക് ഇന്ധന നികുതി കേവലം ഒരു ശതമാനം ഉള്ളപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് നികുതി 28 ശതമാനത്തോളമാണ്.
വലിയ വിമാനങ്ങളുടെ സര്‍വിസും, ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിച്ചതുമടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഏകദേശം മൂന്നുവര്‍ഷത്തിന് ശേഷം കരിപ്പൂര്‍ വീണ്ടും സജീവമായ സമയത്താണ് ഇന്ധന നികുതിയിലെ വന്‍വ്യത്യാസം തിരിച്ചടിയാകുന്നത്. യാത്രാചെലവിന്റെ 70 ശതമാനം ഇന്ധനത്തിനായിരിക്കെ, ഇന്ധന നികുതിയില്‍ മാത്രം 27 ശതമാനത്തോളം ചെലവ് ലാഭിക്കാനാകുമ്പോള്‍ വിമാനക്കമ്പനികള്‍ സ്വാഭാവികമായും കണ്ണൂരിന് മാത്രമേ പ്രധാന്യം നല്‍കൂ. ഇത് കരിപ്പൂരിന്റെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."