ദേവനന്ദയുടെ മൃതദേഹം വീടിനു സമീപത്തെ പുഴയില്‍
കൊല്ലം: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസുകാരി ദേവനന്ദയ്ക്കായുള്ള പ്രാര്‍ഥനകള്‍ ഫലംകണ്ടില്ല. രാപകല്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ ദൂരൂഹത ബാക്കിയാക്കി വീടിനു സമീപത്തെ ഇത്തിക്കരയാറ്റില്‍നിന്ന് ഇന്നലെ രാവിലെ ഏഴരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദര്‍ശനത്തിനുവച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവനന്ദ.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്നാണ് സൂചന.
മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. ശ്വാസകോശത്തില്‍ ചെളിയും കണ്ടെത്തിയിരുന്നു.
കാണാതായി ഒരുമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ കൂടി മാത്രമേ മരണം സംബന്ധിച്ച വ്യക്തത വരികയുള്ളൂ.
ഇരുപത്തിരണ്ടു മണിക്കൂറോളം നടത്തിയ തെരച്ചിലിന് ഒടുവില്‍ കോസ്റ്റല്‍ പൊലിസിലെ മുങ്ങല്‍ വിദഗ്ധരാണ് ഇത്തിക്കരയാറ്റിലെ തടയണയ്ക്കു സമീപം വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് 60 മീറ്റര്‍ അകലെയാണ് പുഴ. വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം. കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം മുഴുവന്‍ ആറ്റില്‍ മുങ്ങിപ്പരിശോധിച്ച് വെറും കൈയോടെ മടങ്ങിയ അതേ ഭാഗത്തായിരുന്നു ഇന്നലെ മൃതദേഹം പൊങ്ങിക്കിടന്നത്. സംസ്‌ക്കാര ചടങ്ങിന് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ പത്തോടെയാണ് നെടുമണ്‍കാവ് പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനില്‍ പ്രദീപ്കുമാര്‍- ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെ കാണാതായത്. ധന്യയും ദേവനന്ദയും നാലുമാസം പ്രായമുള്ള അനിയനും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."