ഉത്തരാഖണ്ഡില്‍ ബി.ജെ.പിയില്‍ കലാപം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. നിലവിലെ എം.പിമാര്‍ക്കു തന്നെ ഇത്തവണയും സീറ്റ് നല്‍കണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍, ഈ ആവശ്യത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇന്നലെ ഡെറാഡൂണില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര മന്ത്രി താവര്‍ ചന്ദ് ഗലോട്ട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
സിറ്റിങ് എം.പിമാര്‍ക്കെല്ലാം ഇത്തവണ സീറ്റ് നല്‍കാനാകുമോയെന്ന കാര്യത്തില്‍ ഒരുതരത്തിലുള്ള ഉറപ്പും നല്‍കാനാകില്ലെന്ന് ഗലോട്ട് വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവുകൂടിയാണ് അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള നേതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാര്‍ട്ടി ആഭ്യന്തര സര്‍വെ തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ഥിത്വത്തിലേക്ക് നിര്‍ദേശിക്കപ്പെടുന്നവരുടെ കഴിവിനെക്കുറിച്ചും മറ്റും പരിശോധിക്കുന്നതിനു വേണ്ടിയാണ് ഇതെന്നും ഗലോട്ട് പറഞ്ഞു.
എന്നാല്‍, താവര്‍ ചന്ദ് ഗലോട്ടിന്റെ നിലപാടിനെ പാര്‍ട്ടി സംസ്ഥാന നേതൃത്വം തള്ളി. നിലവിലെ അഞ്ച് എം.പിമാര്‍ക്കും ഒരുതവണകൂടി സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് സംസ്ഥാന ഘടകം ആവര്‍ത്തിച്ചു.
അതേസമയം ഗലോട്ടിന്റെ പരാമര്‍ശം പുറത്തു വന്നതിനു പിന്നാലെ പാര്‍ട്ടിയില്‍ ആഭ്യന്തര കലാപവും ഉടലെടുത്തിട്ടുണ്ട്. നിലവിലെ എം.പിമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്ന് പാര്‍ട്ടി പ്രസിഡന്റ് അജയ് ഭട്ട് ആവര്‍ത്തിച്ചു. കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം പാര്‍ട്ടിയില്‍ ആഭ്യന്തര കലാപത്തിന് ഇടയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ എം.പിമാര്‍ക്കെതിരേ പ്രതിയോഗികള്‍ രംഗത്തെത്തിയതും ബി.ജെ.പിയില്‍ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയിട്ടുള്ളത്. തെഹ്‌രി ഗര്‍വാള്‍ മണ്ഡലത്തിലെ സിറ്റിങ് എം.പി മാലാ രാജലക്ഷ്മി ഷാക്കെതിരേ പാര്‍ട്ടിയിലെ ചില പ്രതിയോഗികള്‍ ഇതിനകം തന്നെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്ക് സീറ്റ് നല്‍കരുതെന്നാണ് എതിരാളികള്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പാര്‍ട്ടി നേതൃത്വം നടത്തിയ ആഭ്യന്തര സര്‍വെയില്‍ തന്റെ മണ്ഡലത്തെ ഇകഴ്ത്തുന്ന രീതിയിലാണ് അഭിപ്രായം ഉണ്ടാക്കിയതെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ അനുയായികളുമായി നടത്തിയ ചര്‍ച്ചയില്‍ രാജലക്ഷ്മി ഷാ ആരോപിച്ചിരുന്നു.
പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ തന്റെ മണ്ഡലത്തെ ബി-ഗ്രേഡിലേക്ക് ചുരുക്കിയിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."