പാലാരിവട്ടം പാലം: ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരത്തുവെച്ചാണ് ചോദ്യം ചെയ്യുന്നത്.
ഒരാഴ്ച മുന്‍പ് തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യുണിറ്റില്‍ വച്ച് അന്വേഷണസംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഇബ്രാഹിം കുഞ്ഞ് നല്കിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.
കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്കാന് ഇബ്രാഹിംകുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം കൃത്യമല്ലെങ്കില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കുന്ന കാര്യം വിജിലന്‍സ് ആലോചിക്കുന്നുണ്ട്.
ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്കിയതിനുശേഷമുള്ള മൂന്നാമത്തെ ചോദ്യം ചെയ്യലാണിത്.
പാലാരിവട്ടം അഴിമതിയില്‍ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജും വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."