കോവളം വികസനക്കുതിപ്പിലേക്കെന്ന് എം.എല്‍.എ
കോവളം: മണ്ഡലം വികസന കുതിപ്പിന്റെ പാതയിലെന്ന് കോവളം എം.എല്‍.എ എം.വിന്‍സെന്റ്. സംസ്ഥാന ബജറ്റില്‍ മണ്ഡലത്തിന്റെ വികസനത്തിനായി വകയിരുത്തിയ 190 കോടിയുടെ പദ്ധതികളെകുറിച്ച് കോവളം ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരംകുളത്ത് ഗവ. കോളജിനോട് ചേര്‍ന്ന് പഞ്ചായത്ത് അനുവദിച്ച 90 സെന്റ് സ്ഥലത്ത് യു.ഐ.ടി സെന്റര്‍ സ്ഥാപിക്കും. നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ ജില്ലാ പഞ്ചായത്തിന്റെ സ്‌കൂള്‍ കെട്ടിടത്തിലാവും സെന്റര്‍ പ്രവര്‍ത്തിക്കുക.
വെള്ളായണി കാക്കാമൂല ബണ്ട് റോഡ് നിര്‍മിക്കുന്നതിനുള്ള 25 കോടി, കോട്ടുകാല്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള 25 കോടി എന്നിവയാണ് പ്രധാന വകയിരുത്തലുകള്‍. ബാലരാമപുരം പൂവാര്‍ റോഡ് നിര്‍മാണത്തിന് 14 കോടിയും പുല്ലുവിള തിരുപുറം തീരദേശ റോഡിന് 10 കോടിയും ശുദ്ധജല തടാകമായ വെള്ളായണി കായലിന്റെ ഷട്ടര്‍ ഉള്‍പ്പടെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടിയും കരുംകുളം കുരിശടി അമ്പലത്തുംമൂല തീര ദേശ റോഡിന് 8 കോടിയും വകയിരുത്തിയിട്ടുണ്ട്.
ബാലരാമപുരം ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ മികവുറ്റതാക്കാനും വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും 5 കോടി വീതവും പരണിയം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് 2 കോടിയും വകയിരുത്തിയിട്ടുണ്ട്. കാഞ്ഞിരം കുളത്ത് മിനി സിവില്‍ സ്റ്റേഷന് 5 കോടി, കരുങ്കുളം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് 4 കോടി വിഴിഞ്ഞം പഴയപാലം നവീകരണം 4.5 കോടി, കുട്ടപ്പന റസല്‍ പുരം 4 കോടി, പനങ്ങോട് കാട്ടുകുളം 4 കോടി, ഉച്ചക്കട കരിച്ചല്‍ കായല്‍ റോഡ് 3 കോടി, ചപ്പാത്ത്അടിമലത്തുറ റോഡ് 3 കോടി മുട്ടയ്ക്കാട്‌കോവളം റോഡ് 3 കോടി,ബാലരാമപുരം പി.എച്ച്.സി, പൂവാര്‍ സി.എച്ച്.സി, കാഞ്ഞിരംകുളം മര്‍മ്മാശുപത്രി എന്നിവയുടെ വികസനത്തിന് 2 കോടി വീതവും വകയിരുത്തിയതായി എം.എല്‍.എ പറഞ്ഞു.
കൂടാതെ കോവളം വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലനിറുത്തി അവിടെ ആധുനിക സൗകര്യങ്ങളുള്ള ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാന്‍ ധനാഭ്യര്‍ഥനയ്ക്കുള്ള മറുപടിയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."