പുരപ്പുറ സോളാര്‍ പദ്ധതി: അപേക്ഷകര്‍ ഒന്നരലക്ഷം
ബി.സുനില്‍കുമാര്‍
ഏറ്റുമാനൂര്‍: സംസ്ഥാനസര്‍ക്കാരിന്റെ സൗര പദ്ധതിപ്രകാരം വീടുകളുടെ മുകളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുവാനായി അവശേഷിക്കുന്നത് ഇനി ആറ് ദിവസം കൂടി. ഇന്നലെ വൈകിട്ട് 5 മണി വരെ 1,46,348 പേരാണ് പുരപ്പുറ സോളാറിനായി ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്തത്. പാരമ്പര്യേതര ഊര്‍ജനയ പ്രകാരം സൗരോര്‍ജ വൈദ്യുതിയുടെ സ്ഥാപിത ശേഷി നിലവിലുള്ള 110 മെഗാവാട്ടില്‍ നിന്ന് 1000 മെഗാവാട്ട് ആയി ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് സൗര പദ്ധതി. ഇതില്‍ 500 മെഗാവാട്ട് ഭവനങ്ങളുടെ മേല്‍ക്കൂരയില്‍ ഘടിപ്പിക്കുന്ന പാനലുകളിലൂടെ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യം. ഇതിന് ഉപഭോക്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 31 ആണ്.
മൂന്ന് സ്‌കീമുകളായാണ് വീടുകളുടെ മുകളില്‍ പാനല്‍ ഘടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഉപഭോക്താവിന്റെ മേല്‍ക്കൂരയിലോ നല്‍കുന്ന സ്ഥലത്തോ കെ.എസ്.ഇ.ബിയും അനര്‍ട്ടും ചേര്‍ന്ന് സോളാര്‍പ്ലാന്റ് സൗജന്യമായ് നിര്‍മിച്ചു നല്‍കും. ഇതില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ പത്ത് ശതമാനം ഉപഭോക്താവിന് വൈദ്യുതിയായോ പണമായോ നല്‍കുന്നതാണ് ഒരു സ്‌കീം. പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും ഒരു നിശ്ചിത നിരക്കില്‍ 25 വര്‍ഷം ഉപഭോക്താവിന് നല്‍കുന്നതാണ് രണ്ടാമത്തെ സ്‌കീം.
മൂന്നാമത്തെ സ്‌കീമില്‍ ഉപഭോക്താവിന്റെ മുതല്‍ മുടക്കില്‍, മേല്‍ക്കൂരയില്‍ കെ.എസ്.ഇ.ബിയും അനര്‍ട്ടും ചേര്‍ന്ന് സോളാര്‍പ്ലാന്റ് നിര്‍മിച്ചു നല്‍കും. ഉപഭോക്താവിന്റെ ആവശ്യത്തിനു ശേഷം മിച്ചം വരുന്ന വൈദ്യുതി നിശ്ചിത തുകയ്ക്ക് കെ.എസ്.ഇ.ബി വാങ്ങും. ഉപഭോക്താവിന് താല്‍പര്യമുണ്ടെങ്കില്‍ പാനലുകളുടെ പരിപാലനം കെ.എസ്.ഇ.ബി ഏറ്റെടുക്കും. 2021ല്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ പാനലുകള്‍ ഘടിപ്പിക്കുവാനുള്ള ജോലികള്‍ കരാര്‍ നല്‍കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആയി വരുന്നു. വരുന്ന ഏപ്രില്‍ മുതല്‍ പാനലുകള്‍ ഘടിപ്പിച്ചുതുടങ്ങാനാണ് നീക്കം. അതിനു മുന്നോടിയായി അപേക്ഷ നല്‍കുന്ന ഓരോ ഉപഭോക്താവിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് പഠനം നടത്തും. ഗാര്‍ഹികകെട്ടിടങ്ങളുടെ മുകളില്‍ ഘടിപ്പിക്കുന്നതിനു പുറമെ ഡാമുകളിലും മറ്റും ഒഴുകി നടക്കുന്ന രീതിയിലുള്ള പാനലുകളും പദ്ധതിയുടെ ഭാഗമാണ്. ഇതിനുപുറമെയാണ് ഹൈവേ, കനാല്‍ പ്രദേശം, സ്‌കൂള്‍ - സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര, സൗരോര്‍ജപാര്‍ക്കുകള്‍ തുടങ്ങിയ പദ്ധതികളിലൂടെ സ്ഥാപിതശേഷി വര്‍ധിപ്പിക്കുന്നത്. ഒരു കിലോവാട്ട് ശേഷിയുള്ള പുരപ്പുറസോളാര്‍ പദ്ധതിക്ക് ഏകദേശം 45,000 രൂപ മുതല്‍ 60,000 രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗാര്‍ഹിക- കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 30 ശതമാനം സബ്‌സിഡി ബാധകമാണ്. കേന്ദ്ര ഊര്‍ജ മന്ത്രാലയം നല്‍കുന്ന ഈ സബ്‌സിഡി പരിമിതമായതിനാല്‍ ആദ്യം വരുന്നവരെയായിരിക്കും ഇതിനായി പരിഗണിക്കുകയെന്ന് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."