വടകരയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം
വടകര: നഗരത്തില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം. കഴിഞ്ഞ ദിവസം മുതലാണ് നഗരത്തില്‍ ഉപ്പുകലര്‍ന്ന വെള്ളം ലഭിക്കാന്‍ തുടങ്ങിയത്. ഗുളികപ്പുഴയില്‍ നിന്നു പമ്പ് ചെയ്യുന്ന വെള്ളത്തില്‍ വര്‍ഷംതോറും ഉപ്പുകലരുന്ന സ്ഥിതിയുണ്ട്.ന
വേനല്‍ അടുക്കുന്നതോടെ വേലിയേറ്റ വേളയില്‍ കുറ്റ്യാടി പുഴയിലേക്ക് കടല്‍വെള്ളം കയറാറുണ്ട്. കൂരങ്കോട്ട് കടവിലെ പമ്പിങ് സ്റ്റേഷനില്‍ നിന്ന് വേളം കാപ്പുമലയില്‍ എത്തിക്കുന്ന വെള്ളം അവിടെ നിന്ന് ശുദ്ധീകരിച്ച് നഗരത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
അളവില്‍ കൂടുതലായാണ് കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശമുള്ളത്. ഉപ്പ് നിയന്ത്രിക്കാന്‍ നിര്‍ദേശമുള്ള ഹൃദ്രോഗികള്‍ പോലും ഇതേ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിതരാവുന്ന സ്ഥിതിയാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുകയാണ്.
ഉപ്പുവെള്ളം കയറുന്ന സ്ഥിതി വന്നതോടെ ഇത് നിയന്ത്രിക്കണമെന്ന ആവശ്യം പല കോണില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ നിസംഗത തുടരുകയാണ്. പുഴക്ക് കുറുകെ വലിയ ബണ്ട് കെട്ടാന്‍ കോടികള്‍ വേണ്ടതുണ്ട്. കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിരുന്നെങ്കിലും പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.
ഉപ്പിന്റെ അംശം കൂടൂമ്പോള്‍ പെരുവണ്ണാമൂഴി ഡാം തുറന്നുവിട്ട് പ്രശ്നം പരിഹരിക്കാറുണ്ട്. ഇത്തവണ ഈ രൂപത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല. വരുന്ന വേനല്‍ക്കാലത്ത് ഉപ്പുവെള്ളത്തിന്റെ വരവ് തുടരും. ഇത് തടയാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."