'രണ്ടായിരം' വിതറി പരസ്യ പ്രചാരണം; കടയുടമയെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കൈയില്‍ കാശൊന്നുമില്ലാതെ മിഠായിതെരുവിലൂടെ അലഞ്ഞ് നടക്കുമ്പോള്‍ രണ്ടായിരത്തിന്റെ ഒരു കെട്ട് നോട്ടുകള്‍ ആരെങ്കിലും നമ്മുടെ മുന്നിലേക്ക് വാരി വിതറിയാലോ... എന്തായിരിക്കും നമ്മുടെ അവസ്ഥ. ഇന്നലെ വൈകിട്ട് മിഠായതെരുവില്‍ സംഭവിച്ചതും അതായിരുന്നു.
മിഠായിതെരുവിലെ ഹനുമാന്‍ കോവിലിന് സമീപത്താണ് ബാഗില്‍ ഒളിപ്പിച്ച നോട്ടുകള്‍ വാരിവിതറിയത്. ആദ്യമെല്ലാവരും അമ്പരന്നു. കൈയില്‍ കിട്ടിയ നോട്ടെല്ലാം വാരിയെടുത്തു. കൈയിലെത്തിയ നോട്ടില്‍ അച്ചടിച്ച സ്വകാര്യ കോഫി ഷോപ്പിന്റെ പരസ്യം കണ്ടപ്പോഴാണ് കാര്യം മനസിലായത്.
നഗരത്തില്‍ തുറക്കാനിരിക്കുന്ന സ്വകാര്യ കോഫി ഷോപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഒറ്റ നോട്ടത്തില്‍ 2,000 രൂപയുടെ നോട്ടുകളെന്നു തോന്നിക്കുന്ന കാര്‍ഡുകള്‍ വിതരണം ചെയ്തത്. സമീപത്തുണ്ടായിരുന്ന പൊലിസുകാര്‍ ഓടിയെത്തുകയും നോട്ട് മാതൃകകള്‍ പെറുക്കിയെടുക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കുകയുമായിരുന്നു.
പിന്നീട്, പരസ്യപ്രചാരണമാണെന്നു ബോധ്യമായതിനെത്തുടര്‍ന്ന് പൊലിസ് സംഭവത്തെ ലഘൂകരിച്ച് നാട്ടുകാരോട് ഇടപെടുകയായിരുന്നു. ഇതിനിടെ, മാനാഞ്ചിറ സ്‌ക്വയറിനുള്ളിലും നടക്കാവിലും സരോവരം ബയോപാര്‍ക്കിനു സമീപവും 'നോട്ട് വിതരണം' ആവര്‍ത്തിച്ചു.
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയതിന് ടൗണ്‍ പൊലിസ് കടയുടമയ്‌ക്കെതിര കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശേഷം ഇയാളെ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."